കൊച്ചി: ബി.പി.സി.എൽ സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 20, 21 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കാനും
ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനും പെട്രോളിയം വർക്കേഴ്സ് ദേശീയ ജോയിന്റ് കൺവൻഷൻ തീരുമാനിച്ചു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു പെട്രോളിയം കമ്പനികളിലെ ജീവനക്കാർ ഏപ്രിൽ 20ന് അവധിയെടുക്കും. ബി.പി.സി.എൽ കൊച്ചി യൂണിറ്റിൽ നിന്ന് രാജ്ഭവനിലേക്ക് ലോംഗ് മാർച്ച് നടത്തും. സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി സ്വദേശ് ദേവ് റോയി അദ്ധ്യക്ഷനായി.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, എൻ.എഫ്.പി.ഡബ്ലിയു പ്രസിഡന്റ് പാണ്ടുരാഗ് ടിക്കാം, പി.ജി.ഡബ്ല്യു.എഫ്.ഐ ജനറൽ സ്രെകട്ടറി നോഗാൻ ചുട്ടിയ, എ.ഐ.പി.ഡബ്ലിയു.എഫ് നേതാവ് കെ.കെ. ഇബ്രാഹിംകുട്ടി, ഭാരത് പെട്രോളിയം ഓഫീസേഴ്‌സ് അസോ. സെക്രട്ടറി ടി. പ്രശാന്ത് എന്നിവർ സംസാരിച്ചു. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി.ബാലഗോപാൽ സ്വാഗതവും കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജി. അജി നന്ദിയും പറഞ്ഞു.
ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്.പി.സി.എൽ ഒ.എൻ.ജി.സി, ഒ.ഐ.എൽ, എം.ആർ.പി.എൽ എന്നീ പൊതുമേഖല സ്ഥാപനങ്ങളിലെ ആൾ ഇന്ത്യ പെട്രോളിയം വർക്കേഴ്‌സ് ഫെഡറേഷൻ, നാഷണൽ ഫെഡറേഷൻ ഒഫ് പെട്രോളിയം വർക്കേഴ്‌സ്, പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.