കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കാൻ കേരള ജനത സമ്മതിക്കില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. രാജേന്ദ്രമെെതാനിയിൽ വിവിധ തൊഴിലാളി സംഘടനകൾ പൊതുമേഖലാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികൾക്ക് നിലവിലെ വിപണിവില അനുസരിച്ച് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്.
ഗുജറാത്തിൽ ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യൻ കമ്പനി ഏറ്റെടുത്തത്. എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിംഗ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ മോദി സർക്കാർ ശ്രമിക്കുന്നത്.
2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്. അമ്പലമുകളിൽ ഏതാണ്ട് 1,500 ഏക്കർസ്ഥലം ഏറ്റെടുത്ത് നൽകിയത് തന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. കണ്ണൂർ എയർപോർട്ടിൽ 25% ഷെയർ ബി.പി.സി.എല്ലിന് നൽകി. ഇങ്ങനെയുള്ള സ്ഥാപനത്തെ ഏതെങ്കിലും സ്വകാര്യ വ്യക്തിക്ക് വിറ്റുതുലയ്ക്കാൻ സമ്മതിക്കില്ല. ഉമ്മൻ ചാണ്ടി പറഞ്ഞു.
സമരസമിതി കൺവീനർ തോമസ് കണ്ണടിയിൽ അദ്ധ്യക്ഷത വഹിച്ചു. സി.എെ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ, പ്രസിഡന്റ് എ.കെ.പത്മനാഭൻ , സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി. , ഹെെബി ഈഡൻ എം.പി. ടി.ജെ. വിനോദ് എം.എൽഎ.തുടങ്ങിയവർ പ്രസംഗിച്ചു.