ആലുവ: നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ നിയമ വിധേയമല്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ രേഖാമൂലമുള്ള മറുപടി. റോഡ് പരിധിയിൽ നിന്നും 1.5 മീറ്റർ ദൂരത്തിൽ മാത്രമേ പാർക്കിംഗ് സ്ഥലം അനുവദിക്കാൻ പാടുള്ളൂവെന്ന നിയമം ലംഘിച്ചാണ് ഓട്ടോസ്റ്റാൻഡുകൾ പ്രവർത്തിക്കുന്നതെന്ന് ആലുവ ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മനുഷ്യവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ആലുവ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായി പൊതുപ്രവർത്തകൻ ഡൊമിനിക്ക് കാവുങ്കൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്നാണ് കമ്മീഷൻ മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് തേടിയത്. നിലവിൽ ബോണറ്റ് നമ്പർ തയ്യാറാക്കി പൊലീസ് നൽകിയിട്ടുള്ള പട്ടികയ്‌ക്കെതിരെയും മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തിട്ടുണ്ട്. നമ്പർ പ്രകാരം ചില വാഹനങ്ങൾ ഓട്ടോറിക്ഷകളല്ല. മറ്റു ജില്ലകളിലെ വാഹനങ്ങളും പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. എന്തെങ്കിലും അടിസ്ഥാനത്തിൽ താത്കാലിക ഓട്ടോസ്റ്റാൻഡ് അനുവദിച്ചാലും ആർ.ടി.ഒ നൽകിയ പെർമിറ്റ് അടിസ്ഥാനത്തിലേ പാടുള്ളുവെന്നും പറയുന്നുണ്ട്. ഇവ വിശദമാക്കി ട്രാഫിക്ക് റെഗുലേറ്ററി അദ്ധ്യക്ഷയായ ആലുവ നഗരസഭ ചെയർപേഴ്‌സണ് കത്ത് നേരത്തെ നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
ബോണറ്റ് നമ്പർ ഉടനെ നൽകും
എന്നാൽ 2017 സെപ്തംബർ 25ന് തീരുമാനിച്ച പ്രകാരം നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നത് ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് എസ്.ഐ മനുഷ്യവകാശ കമ്മീഷനെ അറിയിച്ചു. 2019 നവംബർ 15 ൽ 841 ഓട്ടോകൾക്കാണ് ബോണറ്റ് നമ്പർ കൊടുക്കാൻ പട്ടിക തയ്യാറാക്കി ആലുവ നഗരസഭയ്ക്ക് കൈമാറിയത്.
നഗരത്തിൽ ഓട്ടോറിക്ഷകളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുകയാണെന്നും അത് നിയന്ത്രിക്കണമെന്നും ഹർജിക്കാൻ ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ 35 ഓട്ടോ സ്റ്റാൻഡുകളും 841 ഓട്ടോറിക്ഷകൾ എന്നുമാണ് പൊലീസിന്റെ കണക്ക്. ചില യൂണിയൻ ഈ കണക്ക് അംഗീകരിക്കുന്നുണ്ടെങ്കിലും പ്രബല യൂണിയൻ ഈ കണക്കുകൾ തെറ്റാണെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ബോണറ്റ് നമ്പർ വിതരണം രണ്ട് മാസം മുമ്പ് ആരംഭിച്ചെങ്കിലും അന്നുതന്നെ നിർത്തിയിരുന്നു.