വൈപ്പിൻ : ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ 15 ഗജവീരന്മാർ അണി നിരന്ന പൂരത്തിന് നായകനാകാൻ വീണ്ടും ചിറക്കൽ കാളിദാസന് നിയോഗം. കഴിഞ്ഞ വർഷവും കാളിദാസൻ തന്നെയാണ് തിടമ്പേറ്റിയത്.
ഇന്നലെ രാവിലെ 8.15 ന് മുൻപായിതന്നെ വടക്കേചേരുവാരം കാളിദാസനെയും തെക്കേചേരുവാരം ഊട്ടോളി അനന്തനേയും ക്ഷേത്രസന്നിധിയിലെ ഗജമണ്ഡപത്തിൽ അണി നിരത്തി. നിറഞ്ഞുനിന്ന ഉത്സവപ്രേമികളുടെ ഇടയിൽ ഇരുവരും തലയെടുപ്പോടെ നിന്നു. ഭഗവാന്റെ തിടമ്പ് ഏറ്റാനുള്ള അവകാശം കൂടുതൽ തലപ്പൊക്കമുള്ള ആനക്കാണ് എന്നതാണ് ഗൗരീശ്വരത്തെ കീഴ്‌വഴക്കം.
സഭ പ്രസിഡന്റും ഇരു ചേരുവാരങ്ങളുടെയും പ്രസിഡന്റുമാരും കൂടിയാണ് വിജയിയെ നിർണയിച്ചത്. ചിറക്കൽ കാളിദാസനെ പിന്നിലാക്കാൻ ഇത്തവണയും തെക്കേചെരുവാരത്തിന്റെ ഗജവീരനായില്ല. തിടമ്പ് ഏറ്റാനുള്ള അവകാശം കാളിദാസനാണെന്നുള്ള പ്രഖ്യാപനത്തെ വടക്കേചേരുവാരം കൂട്ടവെടിയോടെ സ്വാഗതം ചെയ്തു. തുടർന്ന് കിഴക്കേനടയിൽ വെച്ച് ശ്രീസുബ്രഹ്മണ്യ ഭഗവാന്റെ തിടമ്പ് കാളിദാസൻ ശിരസിലേറ്റി. പടിഞ്ഞാറെ നടയിൽ വെച്ച് ശ്രീപരമേശ്വരന്റെ തിടമ്പ് ഊട്ടോളി അനന്തനും ലഭിച്ചു. തുടർന്ന് പതിനഞ്ച് ആനകളെ അണി നിരത്തി ശീവേലി നടത്തി.