ആലുവ: അധികൃതരുടെ അവഗണന തുടരുന്നതിനിടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലുവ തുരുത്തിലെ വെളുത്തേടത്ത് പൊതുകടവ് നാശത്തിന്റെ വക്കിലായി. തുരുത്തിലെ മുപ്പതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന വെളുത്തേടത്ത് കടവിന്റെ ഭൂരിഭാഗവും ഇടിഞ്ഞുനശിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ 11 -ാം വാർഡിൽപ്പെട്ട കടവിലേക്ക് ടൈൽസ് പാകിയ ഒൻപത് അടി വീതിയുള്ള പൊതുവഴി ഉണ്ടെങ്കിലും കടവിലേക്ക് ഇറങ്ങണമെങ്കിൽ ഏറെ ദുരിതമനുഭവിക്കണം.
2018ലേയും 2019 ലേയും പ്രളയത്തെത്തുടർന്ന് കടവിന്റെ അവസ്ഥ ഏറെ ശോചനീയമാണ്. ദുർഘടം പിടിച്ച പടവുകളിൽക്കൂടി കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് ഇവിടെ കുളിക്കുന്നതിനും അലക്കുന്നതിനുമായി എത്തുന്നത്. ഇവരെല്ലാം ഏറെ പ്രയാസപ്പെട്ടാണ് കടവിലേക്ക് ഇറങ്ങുന്നത്. കൽപ്പടവുകൾ ഇല്ലാത്തതിനാൽ അപകടങ്ങളും പതിവാകുന്നു. വേനൽ കടുത്തതോടെ ഇവിടെ തിരക്കേറി. കടവുകെട്ടി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
# എസ്റ്റിമേറ്റിലൊതുങ്ങിയ വികസനം
2016ൽ വെളുത്തേടത്ത് കടവ് കെട്ടി സംരക്ഷിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. സമീപത്തെ സ്വകാര്യ കടവുകൾ നവീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കിയ വെളുത്തേടത്ത് കടവിനെ അവഗണിക്കുകയായിരുന്നു. പരുന്തുറാഞ്ചി മണപ്പുറവും വെളുത്തേടത്ത് കടവും തമ്മിൽ അകലം കുറവായതിനാൽ ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയ പരുന്തുറാഞ്ചി മണപ്പുറത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. 2018ൽ മുൻ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള പരുന്തുറാഞ്ചി മണപ്പുറം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മണപ്പുറം സന്ദർശിച്ച വേളയിൽ ഈ കടവും സന്ദർശിച്ചിരുന്നു. അന്ന് കടവ് സംരക്ഷിക്കുമെന്ന് കളക്ടറും പ്രഖ്യാപിച്ചെങ്കിലും ജലരേഖയായി.
# അടിയന്തര നടപടിവേണം
വെളുത്തേടത്ത് കടവ് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, തഹസിൽദാർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയി കാത്തിരിക്കുയാണ് നാട്ടുകാർ.