കൊച്ചി: കാൻസർ പ്രതിരോധം, ചികിത്സ, പാർശ്വഫലങ്ങൾ, രോഗം തിരിച്ചു വരാതെ നോക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം വിവിധ ചികിത്സാസമ്പ്രദായങ്ങളുടെ സമന്വയം അഭികാമ്യമാണെന്ന് ചാൾസ് രാജകുമാരന്റെ ഫിസിഷ്യനും യു.കെ.യിലെ കോളേജ് ഒഫ് മെഡിസിൻ ആൻഡ് ഇന്റഗ്രേറ്റഡ് ഹെൽത്ത് ചെയറുമായ ഡോ. മൈക്കൽ ഡിക്‌സൺ പറഞ്ഞു. ഇന്റർനാഷനൽ കോൺഫറൻസ് ഓൺ ഇന്റഗ്രേറ്റീവ് ഓങ്കോളജി കോൺഫറൻസ് (ഐ.സി.ഐ.ഒ 2020) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ജയേഷ് സാംഗ്വി, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി .കെ .ഹരീന്ദ്രനാഥ്, ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ പീയുഷ് ജോഷി തുടങ്ങിയവർ സംസാരിച്ചു. ജർമനി, യു.എസ്.എ, യു.കെ. ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 30 രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറോളം പ്രതിനിധികൾ പങ്കെടുന്നുണ്ട് . സമ്മേളനം ഇന്ന് സമാപിക്കും.