# പതിനഞ്ച് ഗജവീരൻമാർ അണിനിരന്നു
വൈപ്പിൻ : ചെറായി ശ്രീഗൗരീശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പൂരോത്സവം പതിനായിരങ്ങളുടെ മനംകവർന്നു. ശീവേലിക്കും പകൽപൂരത്തിനും ആറാട്ട് എഴുന്നള്ളിപ്പിനും പതിനഞ്ച് ഗജവീരൻമാർ അണിനിരന്നു.
ആനചികിത്സകൻ കൂടിയായ പറവൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ഗിരീഷ് , ചെറായി മൃഗാശുപത്രിയിലെ ഡോ. അഷ്‌കർ, സൊസൈറ്റി ഫോർ പ്രിവെൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽ, എലഫന്റ്‌സ് സ്‌ക്വാഡ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ അധികൃതർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പൂരം നടന്നത്. വൈകിട്ട് ചെറായി വലിയവീട്ടിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന് വടക്കേചേരുവാരവും അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ നിന്ന് തെക്കേ ചെരുവാരവും എഴുന്നള്ളിപ്പ് തുടങ്ങി. തെക്കേചേരുവാരത്തിലെ പഞ്ചവാദ്യം വെള്ളാരപ്പിള്ളി കുട്ടൻമാരാർ, പുനരി ഉണ്ണിക്കൃഷ്ണനും വടക്കേചേരുവാരത്തിലെ പഞ്ചവാദ്യം പെരുവാരം മോഹനവാര്യരും നയിച്ചു.
ഇരുചേരുവാരങ്ങളും ക്ഷേത്രമൈതാനിയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലായി ഏഴ് ആനകളെവീതം അണിനിരത്തി. വടക്കേചേരുവാരത്തിൽ ചിറക്കൽ കാളിദാസൻ, കിരൺ നാരായണൻകുട്ടി, നായരമ്പലം രാജശേഖരൻ, ചൈത്രം അപ്പു, വേമ്പനാട് അർജുനൻ, കുന്നുമേൽ പരശുരാമൻ, നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകളും തെക്കേചെരുവാരത്തിൽ ഊട്ടോളി അനന്തൻ, തെച്ചിക്കോട്ടുകാവ് ദേവിദാസൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, എടക്കളത്തൂർ അർജുനൻ, മനിശേരി രഘുറാം, ചെമ്മാപ്പിള്ളി മാണിക്യൻ, തോട്ടക്കാട്ട് കണ്ണൻ എന്നീ ആനകളും അണിനിരന്നു. ഇരുകൂട്ടരും നടത്തിയ നയനമനോഹരമായ കുടമാറ്റത്തിനുശേഷം ഇരുപൂരങ്ങളും ആനപ്പന്തലിൽ ഒന്നിച്ചപ്പോൾ ക്ഷേത്രം ആന കൈലാസം കാർത്തികേയനും ഒപ്പംകൂടി. തെക്കേചേരുവാരത്തിൽ രമേഷ് ദേവപ്പൻ, വടക്കേചേരുവാരത്തിൽ ചെറായി സുനിൽകുമാർ എന്നിവരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം ഒരുക്കി.
പകൽപൂരത്തിന് ശേഷം വൈക്കം ഷാജി, വൈക്കം സുമേഷ്, ഹരിപ്പാട് മനോജ്, ടി.വി പുരം മഹേഷ് എന്നിവരുടെ നാദസ്വരക്കച്ചേരി, തുടർന്ന് പുലർച്ചെ ഒന്നിനുശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആറാട്ടെഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവം സമാപിച്ചു.
ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഉത്സവാഘോഷങ്ങൾക്ക് ഇ.കെ. ഭാഗ്യനാഥൻ, എ.എ. മുരുകാനന്ദൻ, അഡ്വ. എൻ.എസ്. അജയ് (വി.വി സഭ) , ഉണ്ണിക്കൃഷ്ണൻ, കെ.കെ. അനിൽകുമാർ (വടക്കേചേരുവാരം), രാജു കൊട്ടാരത്തിൽ, ഇ.ബി. രാജേഷ് ( തെക്കേ ചേരുവാരം എന്നിവർ നേതൃത്വം നൽകി.