മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ പശുക്കളിൽ ചർമ്മ മുഴ രോഗ പ്രതിരോധ പ്രവർത്തനം ഉർജ്ജിതമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തി കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ലൈബി പോളിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലും കോതമംഗലത്തും അവലോകന യോഗം ചേർന്നത്.
യോഗത്തിൽ കിഴക്കൻ മേഖലയിലെ മുഴുവൻ മൃഗ ഡോക്ടർമാരും പങ്കെടുത്തു. കോതംമംഗലം ബ്ലോക്കിലെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകും. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ പിണ്ടിമന, ഊന്നുകൽ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തി.
മൂവാറ്റുപുഴ താലൂക്കിൽ രോഗ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി കർമ്മ പരിപാടി രൂപീകരിച്ചു. രോഗ സാന്നിധ്യം കണ്ട 20 പഞ്ചായത്തുകളിലും ബോധവത്കരണം നടത്തും.വാക്‌സിനേഷൻ സ്‌ക്വാഡ് രൂപീകരിക്കും. അണുനാശിനികളും മരുന്നുകളും ലഭ്യമാക്കും.
വാളകത്ത് രണ്ടും, മാറാടിയിൽ മൂന്നും, മണീട് അഞ്ചും പശുക്കളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. രോഗ ലക്ഷണങ്ങൾ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കൂടുതലായി കണ്ട് വരുന്നുണ്ടന്നാണ് സൂചന. കർഷകർ വിവരം വെറ്ററിനറി ഡിസ്‌പെൻസറികളിൽ അറിയിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. വാളകം പഞ്ചായത്തിൽ ഇന്ന് പ്രതിരോധ വാക്‌സിൻ നൽകും. മണീട് പഞ്ചായത്തിൽ 320 പശുക്കൾക്ക് കുത്തിവെപ്പെടുത്തു.