# ബലിത്തറ ലേലം ഇന്നും തുടരും

ആലുവ: ഗ്രീൻ പ്രൊട്ടോക്കോൾ അനുസരിച്ച് ആലുവ മണപ്പുറത്ത് മഹാശിവരാത്രിയാഘോഷത്തിന് ഒരുക്കം തുടങ്ങി. 21നാണ് ശിവരാത്രി. പെരിയാറിന്റെ തീരത്ത് ബലിതർപ്പണം നടത്തുന്ന ഭാഗങ്ങളിൽ ഭൂരിഭാഗം ഇടങ്ങളിലും ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിലും തിരക്ക് പരിഗണിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കും.

20 ബയോ ടോയ്‌ലെറ്റുകളും ആറ് ചുക്കുവെള്ള കൗണ്ടറുകളും ആവശ്യത്തിന് വെസ്റ്റ് ബിന്നുകളും ശിവരാത്രി നാളിൽ ദേവസ്വം ബോർഡ് സ്ഥാപിക്കും. ബലിതർപ്പണത്തിന് 75 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 150 ഓളം ബലിത്തറകളുടെ ലേലം ഘട്ടംഘട്ടമായി നടന്നുവരികയാണ്. ശിവരാത്രി അടുക്കുന്നതോടെ കൂടുതൽ ബലിത്തറകളും അനുവദിക്കും. പെരിയാറിനക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിത്തർപ്പണം നടത്തുവാനുള്ള സൗകര്യമുണ്ടാകും. ശിവരാത്രി നാളിൽ കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. ആലുവയിൽ നിറുത്താത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും.

ആലുവ നഗരസഭ നേതൃത്വം നൽകുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന വ്യാപാരോത്സവത്തിനും ശിവരാത്രി നാളിൽ തുടക്കമാകും. അമ്യൂസ്‌മെന്റ് പാർക്കുകളും നൂറുകണക്കിന് വ്യാപാരസ്റ്റാളുകളും ഉണ്ടാകും. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നൽകുന്ന ബലിത്തറകളുടെ ലേലത്തിന്റെ തുടർച്ച ഇന്ന് നടക്കും. കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ 150 ബലിത്തറകളിൽ 55 എണ്ണം മാത്രമാണ് ലേലത്തിൽ പോയത്.