വൈപ്പിൻ : ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എ. ജോർജ് രാജിവെച്ചു. പ്രസിഡന്റ് പ്രൈജു ഫ്രാൻസിസ് കഴിഞ്ഞമാസം രാജിവെച്ചിരുന്നു. തുടർന്ന് പ്രസിഡന്റായി അഡ്വ. കെ.എസ്. കിഷോർകുമാറിനെ തിരഞ്ഞെടുത്തിരുന്നു. ബാങ്കിൽ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് രാജി. രണ്ടുവർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിൽ ജയിച്ചവരാണ് എല്ലാവരും. രണ്ട് പ്യൂൺ തസിത്കയിലേക്കുള്ള ഒഴിവുകളിൽ നിയമനം നടത്തുമ്പോൾ ഭരണസമിതിയിലെ രണ്ട് ഗ്രൂപ്പുകൾ ഓരോന്നും ഓരോ സ്ഥാനത്തേക്ക് നിർദേശിക്കുന്നവരെ നിയമിക്കാം എന്നായിരുന്നുവെത്രേ ധാരണ. എന്നാൽ ഒഴിവ് വരാൻ സാദ്ധ്യതയുള്ള മൂന്നാമത്തെ തസ്തികയിൽ ഏത് ഗ്രൂപ്പിന്റെ നോമിനിയെ നിയമിക്കും എന്നുള്ളതിലാണ് തർക്കം ഉടലെടുത്തത്. തുടർന്നാണ് പ്രസിഡന്റ് രാജിവെച്ചത്. എന്നാൽ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടതും പഴയ പ്രസിഡന്റിന്റെ ഗ്രൂപ്പിൽപെട്ട ആൾ തന്നെയായിരുന്നു..നിയമനത്തിനായി പത്രപ്പരസ്യം നൽകുകയും അപേക്ഷ നൽകിയവരെ വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയെങ്കിലും ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദീകരിക്കുകയോ നിയമനം നടത്തുകയോ ഉണ്ടായിട്ടില്ല. ഭരണസമിതിലെ പോരുമൂലം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ആക്ഷേപങ്ങൾ ഉണ്ടായതിനെ തുടർന്ന് നിയമനങ്ങൾ നിർത്തിവെക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടിരുന്നു.