കൊച്ചി: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ നിലംപൊത്തിയിട്ട് ഇന്നേക്ക് ഒരുമാസം. ഫ്ലാറ്റുകളിലെ കോൺക്രീറ്റ് മാലിന്യം നീക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകൾ മരടിൽ തുടരുകയാണ്. ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് എന്നീ ഫ്ലാറ്റുകളാണ് രണ്ടു ദി​വസങ്ങളി​ൽ പൊളിച്ചുമാറ്റിയത്.കോൺക്രീറ്റും കമ്പിയും വേർതിരിച്ച ശേഷം കോൺക്രീറ്റ് മാലിന്യം എംസാൻഡ് ആക്കി​ പിന്നീട് കെട്ടിടനിർമ്മാണത്തിന് തന്നെ ഉപയോഗപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്യാൻ ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് ആയിരുന്നു കരാറെടുത്തിരുന്നത്.

ആൽഫ സെറീൻ ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്നവർ പൊടിമാലിന്യം പേടിച്ച് ഇപ്പോഴും വാടകവീടുകളിൽ

. മലിനീകരണം പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് ഹരിതട്രൈബ്യൂണലിന് സമർപ്പിക്കും.

കമ്മിറ്റിയുടെ കണ്ടെത്തൽ

മാലിന്യം നീക്കുന്നത് കുമ്പളത്തെ യാർഡിലേക്കാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു തരി പോലും അവിടെയെത്തിയിട്ടില്ല

. കെട്ടിടം വീണ് ഒരുമാസം പിന്നിട്ടിട്ടും കെട്ടിടാവശിഷ്ടത്തിൽ നിന്ന് 45 ശതമാനം കമ്പി മാത്രമേ വേർതിരിച്ചിട്ടുള്ളൂ.

. ഫ്ലാറ്റുകൾക്ക് ചുറ്റും മെറ്റൽ ഷീറ്റ് കൊണ്ട് അതിര് കെട്ടണമെന്നും മാലിന്യം നനയ്ക്കാൻ ജെറ്റ് സ്പ്രിങ്കലർ ഉപയോഗിക്കണമെന്നുമാണ് ചട്ടം. എന്നാൽ, ഇതുരണ്ടും പാലിക്കപ്പെട്ടിട്ടില്ല.

പ്രദേശത്തെ പൊടിശല്യം നിയന്ത്രണവിധേയമാണ്.

''എല്ലാം നേരെയാക്കാൻ മാലിന്യം നീക്കുന്ന കമ്പനിയ്ക്കും മരട് നഗരസഭയ്ക്കും ഇന്നലെ വരെയാണ് സമയം നൽകിയത്. റിപ്പോർട്ട് ഇന്ന് രാവിലെ കിട്ടും. റിപ്പോർട്ട് പഠിച്ചശേഷം മരട് പ്രദേശം സന്ദർശിക്കും. അതിന് ശേഷം ഹരിതട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കും. വീഴ്ച കണ്ടെത്തിയാൽ പിഴ ഈടാക്കുകയോ തുല്യനടപടി എടുക്കുകയോ ചെയ്യാനുള്ള അധികാരം ട്രൈബ്യൂണലിനുണ്ട്'

ജസ്റ്റിസ്. എ.വി രാമകൃഷ്ണൻ

ഹരിത ട്രൈബ്യൂണൽ സംസ്ഥാനസമിതി ചെയർമാൻ