കൊച്ചി: കൊച്ചി കപ്പൽശാലയിലെ നിർമ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ വിരലടയാളങ്ങളിൽ പ്രതീക്ഷയർപ്പിച്ച് എൻ.ഐ.എ. കേസ് ഏറ്റെടുത്ത് അഞ്ച് മാസമായിട്ടും വഴിത്തിരിവാകുന്ന യാതൊരു തുമ്പും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്, മോഷണം നടന്ന ദിവസം കൊച്ചി കപ്പൽശാലയിലുണ്ടായിരുന്ന ജീവനക്കാരുടെ വിരലടയാളം ശേഖരിക്കാനും ഇവ വിശദമായി പരിശോധിക്കാനും എൻ.ഐ.എ തയ്യാറെടുക്കുന്നത്. ജീവനക്കാരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഏതാനും ചില ജീവനക്കാരുടെ വിരലടയാളം എൻ.ഐ.ഐ സംഘം ശേഖരിച്ചതായാണ് വിവരം. ഓഫീസ് ജീവനക്കാരുടെ വിരലടയാളം ശേഖരിക്കൽ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. കവർച്ച നടന്ന ദിവസം, ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ആരെന്ന് കണ്ടെത്തി സംഭവവുമായി അവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.
അതേസമയം, മോഷണ വിവരം ലോക്കൽ പൊലീസിനെ അറിയിച്ചത് ഏറെ വൈകിയാണ്. കവർച്ചയ്ക്ക് സഹായമൊരുക്കുന്നതിനാണോ ഇങ്ങനെ ചെയ്തതെന്നാണ് എൻ.ഐ.എ സംശയിക്കുന്നു.
കൈയുറ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കപ്പലിൽ ജോലിയെടുക്കുന്നവർ സുരക്ഷാജാക്കറ്റുകളും കൈയുറകളും ധരിക്കുന്നവരായതിനാൽ അന്വേഷണത്തിന് അതുമൊരു വെല്ലുവിളിയാണ്.
കഴിഞ്ഞ സെപ്തംബറിൽ നടന്ന മോഷണം
കഴിഞ്ഞ സെപ്തംബറിലാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ മോഷണം പോയത്. ഒരു കമ്പ്യൂട്ടർ, 10 ഹാർഡ് ഡിസ്‌ക്, മൂന്ന് സി.പി.യു, ഏതാനും പ്രോസസറുകൾ എന്നിവയാണ് വിക്രാന്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയ ഹാർഡ് ഡിസ്‌സുകളിൽ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തന്ത്രപ്രധാനമായ യാതൊരു വിവരങ്ങളും മോഷ്ടിക്കപ്പെട്ട ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഇല്ലെന്നാണ് അവർ അറിയിച്ചത്. മോഷണം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം ഓൺ ചെയ്തപ്പോൾ കമ്പ്യൂട്ടറിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
വിമാന വാഹിനി കപ്പൽ
262 മീറ്റർ നീളവും 40,000 ടൺ കേവ് ഭാരവുമുള്ള വിമാനവാഹിനി കപ്പലാണ് കപ്പൽ ശാലയിൽ നിർമ്മിച്ചുകൊണ്ടിരുന്നത്. പത്തു വർഷം മുമ്പാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിച്ചത്. അടുത്ത വർഷം നിർമ്മാണം പൂർത്തിയാക്കി സേനയ്ക്ക് കൈമാറാനായിരുന്നു തീരുമാനം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയത്.