തൃപ്പൂണിത്തുറ: തെക്കൻപറവൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻപറവൂർ തോട്ടാങ്കര താഴത്ത് വീട്ടിൽ മദനനെയാണ് (62) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ഇയാൾ മത്സ്യബന്ധനത്തിനു പോയത്. സാധാരണ രാത്രിതന്നെ തിരിച്ചെത്തുമായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെയായിട്ടും കാണാതിരുന്നതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് പുത്തൻകാവ് പാലത്തിനു സമീപത്തെ പുഴയിൽ മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: കാഞ്ചന. മകൻ മജീഷ്. മരുമകൾ: ബിനി. ഉദയംപേരൂർ പൊലീസ് കേസെടുത്തു.