പറവൂർ : കരുമാല്ലൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനത്തിനായി ജില്ലാ പഞ്ചായത്ത് നൽകിയ കിയോസ്ക് വാഹനം കുടുംബശ്രീയുടെ നിയമം ലംഘിച്ച് ദിവസവാടകയ്ക്ക് നൽകിയതായി ആരോപിച്ച് പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റിയോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി സി.ഡി.എസ് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റ് ഇതിനെ ന്യായീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. സംഭവം വിജിലൻസിനെക്കൊണ്ട് അന്യേഷിപ്പിക്കണം. ഉപരോധസമരം പ്രതിപക്ഷനേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ വി.എ. മുഹമ്മദ് അഷറഫ്, എ.എം. അബു, സൈഫുന്നീസ റഷീദ്, കൊച്ചുറാണി ജോസഫ്, സാജിത നിസാർ, പ്രബത ജിജി എന്നിവർ സംസാരിച്ചു.