vacination
വാളകം പഞ്ചായത്തിൽ പശുക്കൾക്ക് വാക്‌സിനേഷൻ നൽകുന്നു


രോഗ ലക്ഷണം 170 പശുക്കളിൽ

മൂവാറ്റുപുഴ:പശുക്കളിൽ ചർമ്മ മുഴ പരത്തുന്ന കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജി​തമാക്കി.ജില്ലയിൽ 30 പഞ്ചായത്തുകളിലെ 170 പശുക്കളിൽ കാപ്രിപോക്‌സ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇന്നലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ലൈബി പോളിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിന് താലൂക്കുകളിൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ചുമതല നൽകി. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബേബി ജോസഫിന് കൊച്ചി, കണയന്നൂർ താലൂക്കി​ന്റെയും ആലുവ ഐസിഡി പ്രൊജക്ട് ഓഫീസർ ഡോ.സന്തോഷ്‌കുമാറിന് മൂവാറ്റുപുഴ, ആലുവ, പറവൂർ താലൂക്കി​ന്റെയുംആലുവ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ഓഫീസർ ഡോ. സി.കെ.സാജുവിന് കോതമംഗലം, കുന്നത്തുനാട് താലൂക്കി​ന്റെയുംചുമതലയാണ് നൽകിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.ഇന്ദിര എല്ലാ താലൂക്കുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും. ഞായറാഴ്ച കിഴക്കൻമേഖലയിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തിയിരുന്നു..

മനുഷ്യരിൽ പടർന്ന് പിടിക്കുന്ന ചിക്കൻ പോക്‌സിന് സമാനം

. ഡോക്ടർമാർക്ക് 5000 രൂപ അടിയന്തിര ധനസഹായം

രോഗം പടർന്ന പഞ്ചായത്തുകൾ ഇവ:

കീഴ്മാട്, ശ്രീമൂലനഗരം, വളയൻചിറങ്ങര, നെല്ലാട്, വെസ്റ്റ് വെങ്ങോല, കുന്നുകര, എടക്കാട്ടുവയൽ, കുഴുപ്പിള്ളി, പെരിങ്ങാല, ഏലൂർ, വെസ്റ്റ് കടുങ്ങല്ലൂർ, പറവൂർ, നോർത്ത് പറവൂർ, മണീട്, ചെല്ലാനം, വെണ്ണിക്കുളം, ഇടക്കുന്ന്, മാറാടി, ഊന്നുകൽ, ആലങ്ങാട്, ചൂർണ്ണിക്കര, വാളകം, വാരപ്പെട്ടി, ചെറുവട്ടൂർ, പിണ്ടിമന, അരയൻകാവ്, കോലഞ്ചേരി, അയ്യമ്പുഴ, കരുമാലൂർ, കോട്ടുവള്ളി, മഴുവന്നൂർ, ഇടപ്പിള്ളി, അങ്കമാലി

പതി​നായി​രം ഡോസ് പ്രതിരോധ മരുന്ന് ഇന്നെത്തും

മൂവാറ്റുപുഴ: കാലികളിൽ കുത്തിവയ്ക്കുന്നതിനുള്ള 10000 ഡോസ് മരുന്ന് ഇന്ന് എത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ലൈബി പോളിൻ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പിണ്ടിമന പഞ്ചായത്തിൽ 99, കവളങ്ങാട് 100, വാളകത്ത് 100 മൃഗങ്ങൾക്ക് പ്രതിരോധ വാക്‌സിനേഷൻ നൽകി .വാക്‌സിനേഷൻ നൽകുന്നത് ഇന്നും തുടരും.ഡോക്ടർമാർക്ക് അടിയന്തിര ധനസഹായമായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും 5000 രൂപ അനുവദിച്ചു. വാക്‌സിനേഷൻ നൽകുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിനും ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും ലോഷനുകളും വാങ്ങുന്നതിനുമാണ് 5000 രൂപ.

രോഗ ലക്ഷണങ്ങൾ വെറ്റി​റിനറി ഡിസ്‌പെൻസറികളിൽ അറിയിക്കണം.പ്രതിരോധ വാക്‌സിനേഷൻ നൽകിയാൽ രോഗം തടയാനാകും. മനുഷ്യരിലേയ്ക്ക് രോഗം പടരില്ല.ആശങ്കപ്പെടേണ്ട കാര്യമി​ല്ല.

ഡോ. ലൈബി പോളിൻ ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ