തൃക്കാക്കര : ജയിൽ അന്തേവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കേരളത്തിൽ മാത്രമാണെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് പറഞ്ഞു.ജില്ലാ ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അർഹരായ ഉദ്യോഗസ്ഥർക്കുളള അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിച്ചു..മൂന്നു മാസം ജയിലിൽ കഴിയുന്നവർക്ക് 15 ദിവസത്തെ പരോൾ കേരളത്തിൽ മാത്രമാണുളളത്. മറ്റു സംസ്ഥാനങ്ങളിൽ കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാൽ മാത്രമാണ് പരോൾ ലഭിക്കുന്നത്. സ്ത്രീകൾക്ക് ഓപ്പൺ ജയിൽ ഏഷ്യയിൽ കേരളത്തിൽ മാത്രമാണ്. ആഴ്ചയിൽ മൂന്ന് തവണ നോൺ വെജിറ്റേറിയൻ ഭക്ഷണം ഈ സംസ്ഥാനത്ത് മാത്രമാണ് ..അന്തേവാസികൾ ജയിൽ മോചിതരായാൽ സ്വയംതൊഴിൽ ചെയ്ത് ജീവിക്കുന്നതിന്റെ ഭാഗമായി 100 ഓളം ഇനങ്ങളിൽ വൊക്കേഷണൽ പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകും. ജയിൽ അന്തേവാസികൾക്കായി ആരംഭിക്കുന്ന പെട്രോൾ പമ്പുകളിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 25 ശതമാനം ജയിൽ വകുപ്പിനു ലഭിക്കുമെന്ന് ജയിൽ മേധാവി പറഞ്ഞു., വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ജില്ലാജയിൽ സൂപ്രണ്ട് കെ.വി.ജഗദീശന് ഋഷിരാജ് സിംഗ് ഉപഹാരം നൽകി ആദരിച്ചു.വനിത ജയിൽ അന്തേവാസികൾ തുന്നിയ കുട്ടി ഉടുപ്പ് വനിത ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എം എസ്.അമ്പിളിയുടെ മകൾ സായി ആഷികരന് ജയിൽ മേധാവി ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. . ചടങ്ങിൽ കൗൺസിലർ ലിജി സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് രാമഭദ്രൻ, ഫാദർ ഷാജി, ഷാജി പാസ്റ്റർ, ജില്ലാ ജയിൽവെൽഫെയർ ഓഫീസർ ജോർജ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
.