walayar-case

ആലുവ: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ എസ്.ഐ പി.സി. ചാക്കോയ്ക്ക് വീഴ്ച സംഭവിച്ചതായി പാലക്കാട് എസ്.പി ശിവംവിക്രം കേസിലെ വീഴ്ച പരിശോധിക്കുന്ന പി.കെ. ഹനീഫ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. ഇന്നലെ രാവിലെ ആലുവ പാലസിലായിരുന്നു കമ്മിഷൻ സിറ്റിംഗ്. കേസിൽ തെളിവുകൾ ശേഖരിക്കുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വീഴ്ചയുണ്ടായിട്ടില്ല. പ്രോസിക്യൂഷനാണ് വീഴ്ച സംഭവിച്ചതെന്നാണ് കോടതി ഉത്തരവിൽ നിന്ന് താൻ മനസിലാക്കുന്നതെന്നും കമ്മിഷന് മുമ്പാകെ മൊഴി നൽകി.
15-ാം തീയതി പാലക്കാട് നടക്കുന്ന സിറ്റിംഗോടെ തെളിവെടുപ്പ് പൂർത്തിയാകും. മരണമടഞ്ഞ സഹോദരിമാരായ പെൺകുട്ടികളുടെ മാതാപിതാക്കളുടെയും പ്രോസിക്യൂട്ടർമാരിൽ ഒരാളായ ജലജ മാധവന്റെയും മൊഴിയെടുക്കും. പാലക്കാട് ജില്ല പൊലീസ് മേധാവിയായിരുന്ന ദേവേഷ്‌കുമാർ ബഹ്‌റ, പ്രതീഷ്‌കുമാർ എന്നിവരുടേയും മൊഴിയെടുക്കുന്നുണ്ട്. ഇതിനുശേഷം കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികൾ മരണമടഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതേവിട്ട സാഹചര്യത്തിലാണ് സർക്കാർ ജുഡിഷൽ അന്വേഷണത്തിന് ഉത്തരവിട്ടത്.