temple
ചൊവ്വര സ്വദേശി സുരേന്ദ്രന്റെ ചികിത്സയ്ക്കായുള്ള പണം ചൊവ്വര ശ്രീ ചിദംബരേശ്വര മഹാദേവ ക്ഷേത്ര തിരുവുത്സവ ഫണ്ടിൽ നിന്ന് മകൾക്ക് കൈമാറുന്നു

ആലുവ: ചൊവ്വര ശ്രീ ചിദംബരേശ്വര മഹാദേവക്ഷേത്ര തിരുവുത്സവ ഫണ്ടിൽ നിന്ന് നിർദ്ധനരോഗിക്ക് ചികിത്സാസഹായം നൽകി ക്ഷേത്രോപദേശക സമിതി മാതൃകയായി. എറണാകുളം തുളസിമാല ഭജൻസിന്റെ സഹകരണത്തോടെ ചിദംബരേശ്വര സേവാനിധി ചൊവ്വര സ്വദേശി സുരേന്ദ്രന്റെ ചികിത്സയ്ക്കായി മകൾക്കാണ് പണം കൈമാറിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനരംഗത്ത് നിറസാന്നിദ്ധ്യമായ ചിദംബരേശ്വര ക്ഷേത്രോപദേശക സമിതി എല്ലാ വർഷവും തിരുവുത്സവത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ചൊവ്വരയിലും അട്ടപ്പാടിയിലുമായി ഉപദേശകസമിതി നടത്തിയിട്ടുള്ളത്. 2019 ലെ പ്രളയം ബാധിച്ച അട്ടപ്പാടി ആദിവാസി മേഖലയിലെ 500 ഓളം കുടുംബങ്ങൾക്ക് രണ്ടുവട്ടമാണ് സഹായമെത്തിച്ചത്.

അടുത്ത വർഷംചിദംബരേശ്വര മംഗല്യനിധിയെന്ന പേരിൽ നിർദ്ധനയായ പെൺകുട്ടിയുടെ മുഴുവൻ ചെലവും ഏറ്റെടുത്തു വിവാഹം നടത്താനുള്ള ശ്രമത്തിലാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. 'സാധുക്കളോടുള്ള കരുണ, ഈശ്വരനോടുള്ള കടമ' എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് സേവന കാരുണ്യ പ്രവർത്തനങ്ങൾ ക്ഷേത്ര ഉപദേശക സമിതി ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് ജിഷ്ണു പിഷാരടി, സെക്രട്ടറി എം.പി. ഷൈൻ എന്നിവർ പറഞ്ഞു.

കഴിഞ്ഞ ആറിന് ആരംഭിച്ച ഉത്സവം 13ന് 17 ഗജവീരന്മാർ അണിനിരക്കുന്ന ആറാട്ടോടെയാണ് സമാപിക്കുന്നത്. ഇന്ന് രാത്രി ഏഴിന് നാടൻപാട്ട്, 12ന് രാത്രി ഏഴിന് കൊച്ചിൻ ബീറ്റ്‌സിന്റെ ഗാനമേള എന്നിവയും നടക്കും.