കൊച്ചി: കല്യാൺ ജൂവലേഴ്‌സ് മികച്ച ജൂവലറി ബ്രാൻഡിനുള്ള സൂപ്പർബ്രാൻഡ് 2019-20 പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കല്യാൺ ജൂവലേഴ്‌സിന്റെ യു.എ.ഇ ഡിവിഷൻ ഈ അവാർഡ് തുടർച്ചയായി നാല് തവണ സ്വന്തമാക്കിയിരുന്നു.
1993ൽ ബ്രാൻഡിന് തുടക്കമിട്ടതു മുതൽ കല്യാൺ ജൂവലേഴ്‌സ് വിവിധ ബിസിനസ് പദ്ധതികളിലൂടെ ദ്രുതഗതിയിൽ വളർന്ന സ്ഥാപനമാണ്.
ബി.ഐ.എസ് ഹാൾമാർക്കിംഗ് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാൺ. സുതാര്യമായ വിലയും താരതമ്യമില്ലാത്ത നാല് തലത്തിലെ അഷ്വറൻസ് സാക്ഷ്യപത്രവും കല്യാൺ ജൂവലേഴ്‌സ് നടപ്പിലാക്കി. 300 കിലോ സ്വർണവും മൂന്ന് ലക്ഷം സ്വർണനാണയങ്ങളും സമ്മാനമായി നൽകിയ പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിൽ ഒന്നായ കല്യാൺ ജൂവലേഴ്‌സ് ഈയിടെ ഇന്ത്യയിൽ 27 വർഷം പൂർത്തിയാക്കിയിരുന്നു. 1993ൽ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോൾ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാൻഡിയർ എന്ന ഓൺലൈൻ ജൂവലറി പോർട്ടലിലൂടെ ബ്രാൻഡിന് ഓൺലൈൻ സാന്നിദ്ധ്യവുമുണ്ട്.
സൂപ്പർബ്രാൻഡ്‌സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി സൂപ്പർബ്രാൻഡ് പദവി നേടുന്നതിൽ അതിയായ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസമാണ് മുന്നോട്ടുള്ള വളർച്ചയ്ക്കു നിദാനമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.