നെടുമ്പാശേരി: വ്യാപാരികൾക്കുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോസ്റ്റാക് ട്രെയിനിംഗ് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ) നെടുമ്പാശേരിയിൽ ആരംഭിക്കും. ഫുഡ് സേഫ്ടി നിയമപ്രകാരം ലൈസൻസ് എടുത്തിട്ടുള്ള എല്ലാ വ്യാപാരികൾക്കും സർക്കാർ നിർബന്ധമാക്കിയ ഫോസ്റ്റാക് ട്രെയിനിംഗ് നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്ക് ഫെബ്രുവരി 15 മുതൽ ആരംഭിക്കും.
ഒരു ബാച്ചിൽ 40 പേർക്ക് വീതമാണ് ട്രെയിനിംഗ്. നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പാറക്കടവ്, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളിലെ വ്യാപാരികൾ പരിശീലനത്തിൽ പങ്കെടുക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റുള്ള ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടാകണം എന്ന നിയമം നിർബന്ധമാക്കിയതോടെയാണ് പരിശീലന ക്ലാസുകൾ ആരംഭിക്കുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റി തയ്യാറായത്. ഒരു സ്ഥാപനത്തിൽ കുറഞ്ഞത് ഒരാളും 25ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഓരോ 25 ജീവനക്കാർക്ക് ഒരു പരിശീലനം ലഭിച്ച സൂപ്പർവൈസറും ഉണ്ടായിരിക്കണം.
നെടുമ്പാശേരി മേഖലയിൽ ഹോട്ടൽ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ഫോസ്റ്റാക് ബോധവത്കരണ സെമിനാർ ഫുഡ് സേഫ്ടി ട്രെയിനിംഗ് പാർട്ണർ മുഹമ്മദ് ജാഫർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, എൻ.എസ്. ഇളയത് , പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, സി.വി. ബിജീഷ്, പോൾ വർഗീസ്, വി.എ. പ്രഭാകരൻ, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, ഗിരിജ രഞ്ജൻ, മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.