ആലുവ: ആലുവ - മൂന്നാർ സംസ്ഥാന പാതയിൽ പൊലീസ് സ്റ്റേഷന് സമീപം വഴിയരികിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. .
പൊലീസ് സ്റ്റേഷന് മുൻവശം വിവിധ കേസുകളിലായി പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വർഷങ്ങളായി പാർക്ക് ചെയ്തിരിക്കുകയാണ്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കമ്മീഷൻ ജില്ല പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങൾ സൂക്ഷിക്കാൻ ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥലം ലഭ്യമല്ലെന്ന് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആലുവ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു പണിയുന്നതിന്റെഭാഗമായി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ സ്ഥല പരിമിതി കാരണം റോഡിന്റെ വശത്തേക്ക് താൽക്കാലികമായി സൂക്ഷിക്കുകയാണ്.ഇത്തരം വാഹനങ്ങൾ കോടതിയുടെ അനുമതിയോടെ ഉടമസ്ഥർക്ക് വിട്ടുകൊടുക്കുകയോ ലേലം നടത്തി മാറ്റുകയോ ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിറ്റിംഗ് ഇന്ന്
ആലുവ: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ആലുവ പാലസിൽ സിറ്റിംഗ് നടത്തും