കൊച്ചി: നഗരത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾക്ക് പുറമെ ആശുപത്രി മാലിന്യങ്ങൾ കൂടി ഇനി ബ്രഹ്മപുരത്തേക്ക്. കൊച്ചി കോർപ്പറേഷന്റെ എതിർപ്പ് മറികടന്ന് ബ്രഹ്മപുരത്ത് ആശുപത്രി മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാനായി കൊച്ചി നഗരസഭയുടെ സ്ഥലം കളക്ടർ ഏറ്റെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു(ഐ.എം.എ) കൈമാറി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് മൂന്ന് ഏക്കർ സ്ഥലം ഏറ്റെടുത്തു കൊണ്ടു കളക്ടറുടെ ഉത്തരവ്. നേരത്തെ രണ്ടു തവണ പ്ലാന്റിനായി ബ്രഹ്മപുരത്തെ ഭൂമി ഐ.എം.എയ്ക്കു നൽകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നെങ്കിലും അംഗീകാരം നൽകാതെ നഗരസഭ കൗൺസിൽ മാറ്റിവയ്ക്കുകയായിരുന്നു.

# ജനരോഷം ഭയന്ന്

മുൻ വർഷങ്ങളിൽ ബ്രഹ്മപുരത്തെ പ്ളാസ്റ്റിക് മാലിന്യത്തിൽ അടിക്കടി തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് പ്ളാന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി സമീപ പഞ്ചായത്തുകൾ രംഗത്തെത്തിയിരുന്നു. കളക്‌ടറുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സംഘർഷത്തിന് അയവുണ്ടായത്. ഇതിനിടയിൽ ആശുപത്രി മാലിന്യവും കൂടി അവിടെ സംസ്കരിച്ചാൽ പ്രാദേശികമായ എതിർപ്പ് ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ ഈ പ്രമേയം മാറ്റിവച്ചത്. തുടർന്നാണു നഗരസഭയെ മറികടന്നു കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചു സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയത്.

# ഉടമസ്ഥാവകാശം നിലനിർത്തി

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോർപ്പറേഷനിൽ നിലനിർത്തിക്കൊണ്ടാണു സ്ഥലം ഐ.എം.എയ്ക്കു നൽകിയിരിക്കുന്നത്. കൊച്ചി നഗരത്തിലും സമീപ മേഖലകളിലും ജില്ലകളിലുമെല്ലാം ആശുപത്രി മാലിന്യങ്ങൾ വൻതോതിൽ സാംക്രമിക രോഗങ്ങൾ പരത്താൻ ഇടയുള്ളതിനാൽ ഇവ ശാസ്ത്രീയമായി സംസ്‌ക്കരിക്കേണ്ട അടിയന്തര സാഹചര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കളക്ടറുടെ നടപടി.
സ്ഥലം ഏറ്റെടുത്ത നടപടി കോർപ്പറേഷന്റെ അംഗീകാരത്തിനായി കഴിഞ്ഞ ആഴ്ച നടന്ന കൗൺസിലിൽ സപ്ലിമെന്ററി അജണ്ടയായി എത്തിയെങ്കിലും അതും ചർച്ച ചെയ്യാതെ മാറ്റിവച്ചു. നയപരമായ ഇത്തരം കാര്യങ്ങൾ സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണു സപ്ലിമെന്ററി അജണ്ടകൾ മുഴുവൻ മാറ്റിവച്ചത്. കളക്ടർ പ്രത്യേക അധികാരം ഉപയോഗിച്ചു ദുരന്തനിവാരണ നിയമ പ്രകാരം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞതിനാൽ ഇക്കാര്യത്തിൽ ഇനി കോർപ്പറേഷൻ എതിർത്താലും ഫലമുണ്ടാവില്ല.