# 30 ലക്ഷം രൂപയുടെ കൂപ്പണുകൾക്ക് പുസ്തകങ്ങൾ നൽകി
കൊച്ചി: കൃതിയിലേക്ക് ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൂപ്പണുകളുമായി പുസ്തകങ്ങൾ വാങ്ങാനെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഇന്നലെ മലപ്പുറം, കാസർകോട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകൾ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വൻവിജയമായ പദ്ധതിയിലൂടെ ഈ വർഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ വരെ 30 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി കഴിഞ്ഞെന്ന് സാഹിത്യപ്രവർത്തക സംഘം അധികൃതർ അറിയിച്ചു. തിരക്കൊഴിവാക്കാൻ ജില്ല തിരിച്ചുള്ള സന്ദർശനദിനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകിയിരിക്കയാണ്.