കോലഞ്ചേരി: പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർ കരയണോ, അതോ ചിരിക്കണോ ‌‌?. ചിരിച്ചാൽ മതിയെന്നാണ് പൊലീസ് പറയുന്നത്. ചുമ്മാ ചിരിച്ചാൽ പോരാ, പൊലീസിന്റെ കാർട്ടൂൺ കണ്ട് തന്നെ ചിരിക്കണം. ഇതിനായി സ്റ്റേഷനിലെ ഭിത്തിയിൽ തൂക്കാൻ കാർട്ടൂണിനായുള്ള നെട്ടോട്ടത്തിലാണ് പൊലീസ്.

തിരുവനന്തപുരം സിറ്റിയിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പരീക്ഷണാർത്ഥം നടപ്പാക്കിയ പദ്ധതി പൊതു ജനത്തിന് വൻ സ്വീകാര്യമായെന്ന തിരിച്ചറിവാണ് സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാൻ കാരണമായത്. സംസ്ഥാനത്ത് പൊലീസിനെ വിമർശിക്കുന്ന കാർട്ടൂണിസ്റ്റുകൾ നിരവധിയാണ് അതു കൊണ്ടു തന്നെ കണ്ട മാത്രയിൽ പൊട്ടി ചിരിക്കുതകുന്ന കാർട്ടൂണുകൾ കണ്ടെത്തി സ്ഥാപിക്കാനാണ് നിർദ്ദേശം. പൊലീസ് മാത്രമല്ല, പൊലീസിനെയും വിമർശിക്കാം അതിലെ നല്ല വിമർശനങ്ങൾ പൊലീസ് ഉൾക്കൊള്ളുമെന്ന് പൊതുജനങ്ങളെ കാർട്ടൂൺ പ്രദർശനത്തിലൂടെ അറിയിക്കുകയാണ് ലക്ഷ്യം. ഇതോടെ ജനമൈത്രി എന്ന പൊലീസ് സന്ദേശവും പ്രചാരത്തിലെത്തിക്കുക കൂടി ഉദ്ദേശമുണ്ട്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാർട്ടൂൺ

15 ന് അകം കാർട്ടൂൺ തൂക്കി ഫോട്ടോയെടുത്ത് പൊലീസ് ആസ്ഥാനത്തേയ്ക്കയക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും നിർദ്ദേശം വന്നു കഴിഞ്ഞു. എ ത്രീ സൈസിലുള്ള കളറോ, ബ്ളാക്ക് ആൻഡ് വൈറ്റ് കാർട്ടൂണുകളോ ഫ്രെയിം ചെയ്ത് പൊലീസ് സ്റ്റേഷൻ റിസപ്ക്ഷനിലെ വിസിറ്റേഴ്സ് ലോഞ്ചിലെ ഭിത്തിയിലാണ് തൂക്കേണ്ടത്. ഒരെണ്ണം നിർബന്ധമാണ് ഒന്നിലധികവും ആകാം.