കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാലും ക്ഷേത്രഭാരവാഹികൾക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഉത്സവദിനങ്ങൾ മിച്ചംവച്ച മാലിന്യങ്ങൾ എവിടെ നിർമ്മാർജ്ജനം ചെയ്യുമെന്നതാണ് അടുത്ത പ്രശ്നം. ജൈവമാലിന്യങ്ങൾ അതാത് ദിവസം കോർപ്പറേഷൻ ജീവനക്കാർ നീക്കംചെയ്യും. എന്നാൽ ആനത്തീറ്റയും പിണ്ഡവുമുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തലവേദനയായി അവശേഷിക്കും. ക്ഷേത്രത്തിന്റെ ചെലവിൽ ഈ മാലിന്യങ്ങൾ പ്രത്യേക വാഹനത്തിൽ ബ്രഹ്മപുരത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ കാര്യങ്ങൾ ആകെ മാറി. ക്ഷേത്രമാലിന്യത്തിന് ആവശ്യക്കാരുണ്ടായി. മെട്രോയുടെ സൗന്ദര്യവത്കരണം ഏറ്റെടുത്തിട്ടുള്ള സർക്കാർ അംഗീകാരമുള്ള ഹരിത സഹായ സ്ഥാപനമായ പെലിക്കൻ ഫൗണ്ടേഷൻ മാലിന്യത്തിനായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. അവർ സന്തോഷത്തോടെ ഓഫർ സ്വീകരിച്ചു.

മാലിന്യങ്ങൾ സൗത്ത് മെട്രോ

മീഡിയനിലേക്ക്

ഉത്സവദിനങ്ങളിൽ തന്നെ അർദ്ധരാത്രിക്ക് ശേഷം മൂന്നു ടൺ മാലിന്യം വീതം ക്ഷേത്ര വളപ്പിൽ നിന്ന് ഫൗണ്ടേഷൻ സംഭരിച്ചു. ആനപ്പിണ്ടം, പട്ട, കരിമ്പിൻ ചണ്ടി, ഉത്സവപൂജയ്ക്ക് ശേഷം ഉപേക്ഷിച്ച പൂമാലകൾ, കരിക്കിൻ തൊണ്ട്, വാഴയില, വാഴത്തട എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ആകെ 20 ടണ്ണോളം മാലിന്യം ലഭിച്ചതായി ഫൗണ്ടേഷൻ വക്താവ് പറഞ്ഞു. ജോസ് ജംഗ്‌ഷനിലെ ആറു മീഡിയനുകൾ നിറയ്ക്കുന്നതിന് ഇതുപയോഗിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സഹായത്തോടെയാണ് സൗത്തിലെ മെട്രോ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ജോസ് ജംഗ്ഷൻ 16, സെൻട്രൽ മാൾ പരിസരം 10, കലൂർ 4 എന്നിങ്ങനെ എം.ജി.റോഡിലെ 30 മീഡിയനുകളിൽ ഉദ്യാനം ഒരുക്കുന്ന ദൗത്യമാണ് പെലിക്കൺ ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. കലൂരിലെ ജോലികൾ പൂത്തിയായി. മറ്റു സ്‌ഥലങ്ങളിൽ നിലം ഒരുക്കുന്ന ജോലികളാണ് നടന്നുവരുന്നത്.

# വളത്തിന്റെ വഴികൾ

മാലിന്യങ്ങൾ മീഡിയനിലെത്തിച്ച് കുഴിച്ചുമൂടും.

ദുർഗന്ധം ഒഴിവാക്കാൻ രാസവസ്തുക്കൾ ചേർക്കും.

15 -20 ദിവസം കഴിയുമ്പോൾ ഇത് നടീൽവസ്തുവാകും.

ഇതിന് മീതേ ചെടികൾ വച്ചുപിടിപ്പിക്കും.

ആറു മാസം കഴിഞ്ഞാൽ വീണ്ടും കമ്പോസ്റ്റ് നിറയ്ക്കും.

# മാലിന്യം നൽകില്ലെന്ന് കോർപ്പറേഷൻ

വളം നിർമ്മാണത്തിന് ശേഷം ബ്രഹ്മപുരം പ്ളാന്റിലും പരിസരത്തുമായി അവശേഷിക്കുന്ന മാലിന്യങ്ങളും കമ്പോസ്റ്റും മീഡിയനിലെ അലങ്കാര ചെടികൾക്ക് വളമാക്കുന്നതിനായി നൽകുന്നതിന് കോർപ്പറേഷൻ കൗൺസിൽ കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. ബ്രഹ്മപുരത്തു നിന്ന് മാലിന്യം എത്തിക്കുന്നതിന് കിലോയ്ക്ക് 2.രൂപ 20 പൈസ വീതം കോർപ്പറേഷൻ ഏജൻസിക്ക് നൽകാമെന്നായിരുന്നു വ്യവസ്ഥ . എന്നാൽ ഈ പണം തങ്ങൾക്ക് തന്നാൽ കമ്പോസ്റ്റ് നൽകാമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചതോടെ ഫൗണ്ടേഷൻ പിൻമാറി.

റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നു ലഭിക്കുന്ന മാലിന്യത്തിന്റെ ബലത്തിലാണ് പ്രവർത്തനങ്ങൾ ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്.

# പ്ളാസ്റ്റിക് രഹിത ഉത്സവം

ഈ ഉത്സവകാലത്ത് പ്ളാസ്റ്റിക് പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

30 മീഡിയനുകളിൽ ഉദ്യാനം ഒരുക്കുന്നു