കൊച്ചി: മനസിൽ പുതുസംരംഭവും നവീന ആശയങ്ങളുമുണ്ടെങ്കിലും ഓഫീസ് തുറക്കാനുള്ള ചെലവിനെക്കുറിച്ചാണോ ആശങ്ക ‌? ഇനി ആശങ്ക വേണ്ട. ആവശ്യസമയത്ത് മാത്രം ഉപയോഗിക്കാവുന്ന കോ വർക്കിംഗ് സംവിധാനം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും റെഡി.

വിവരസാങ്കേതികവിദ്യയുടെ വളർച്ചയോടെ കൊച്ചിയിലും ചുവടു പിടിക്കുകയാണ് കോ വർക്കിംഗ് സമ്പ്രദായം. വൻകിട, ഇടത്തരം കമ്പനികൾ ഇത്തരം സേവനവുമായി കൊച്ചിയിലും ചുവടുറപ്പിച്ചു. ഐ.ടി സംരംഭകരായ സ്റ്റാർട്ടപ്പുകൾക്ക് ഇടം നൽകിയ രീതിയിൽ ഇതര മേഖലകളും കോ വർക്കിംഗ് സംവിധാനം ലഭ്യമാകും.

പൊല്ലാപ്പില്ല

സംരംഭകൻ നേരിടേണ്ടിവരുന്ന ആദ്യ വെല്ലുവിളിയാണ് ഓഫീസ് സൗകര്യം. യോജിച്ച സ്ഥലത്ത് കെട്ടിടം കണ്ടെത്തണം. ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. ഫോൺ, ഇന്റർനെറ്റ് തുടങ്ങി ഫർണിച്ചറുകൾ വരെ. ചെലവ് മാത്രമല്ല, വലിയ അധ്വാനവും വേണ്ടിവരും.

കോവർക്കിംഗിൽ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഓഫീസ് സ്ഥലം റെഡി. എത്ര സ്ഥലം വേണമെന്ന് തീരുമാനിച്ചാൽ മതി. എത്ര ജീവനക്കാർ, ഏതൊക്കെ സമയങ്ങളിൽ ഓഫീസ് വേണം തുടങ്ങിയവ തീരുമാനിക്കുക. ഒന്നോ രണ്ടോ പേർക്കിരിക്കാൻ കസേരയും മേശയും തന്നെ ധാരാളം. ധാരണയിലെത്തിയാൽ പിറ്റേന്ന് പ്രവർത്തനം തുടങ്ങാം.

ആകർഷണങ്ങൾ വേറെയും

ഒരു കെട്ടിടത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി പങ്കുവച്ച് ഉപയോഗിക്കാൻ നൽകുന്നതാണ് കോ വർക്കിംഗ് രീതി. ആവശ്യത്തിന് സ്ഥലം സംരംഭകന് തിരഞ്ഞെടുക്കാം. ആവശ്യമുള്ള സമയങ്ങളിൽ മാത്രം ഉപയോഗിക്കാം.

ഇരിപ്പിടവും മേശയും കമ്പ്യൂട്ടർ, ഇന്റർനെറ്റ്, പ്രിന്റർ, ഫോൺ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കും. യോഗങ്ങൾ കൂടാൻ പ്രത്യേക മുറികൾ, വീഡിയോ കോൺഫറൻസ് സംവിധാനം തുടങ്ങിയവ അനുബന്ധമായി ലഭിക്കും. ഉപയോഗിക്കുന്ന സമയത്ത് മാത്രം വാടക നൽകിയാൽ മതി. മണിക്കൂർ, ദിവസം, ആഴ്ച, വാർഷിക രീതികളിൽ വാടക നൽകിയാൽ മതി. സംരംഭം വളർന്നാൽ സ്വന്തം ഓഫീസിലേയ്ക്ക് മാറാനും കഴിയും.

വ്യാപിക്കുന്നു

കാക്കനാട്ടെ ഐ.ടി മേഖലയിൽ ആരംഭിച്ച കോ വർക്കിംഗ് സമ്പ്രദായം പട്ടണങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ, ആലുവ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ മേഖലകളിലും ഇത്തരം ഓഫീസുകൾ തുറക്കുന്നുണ്ട്. ബംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ കോ വർക്കിംഗ് കമ്പനികൾ കൊച്ചിയിൽ നിരവധി കോ വർക്കിംഗ് സ്ഥാപനങ്ങൾ ആരംഭിച്ചു. സ്വദേശികളും രംഗത്തുണ്ട്.

വാടക കെട്ടിടങ്ങൾക്ക് ഭീഷണി

വാടക കെട്ടിട ബിസിനസിന് ഭീഷണിയുമാണ് കോ വർക്കിംഗ്. പത്തു പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ ഒന്ന് കോ വർക്കിംഗ് സ്ഥലമെന്നാണ് കൊച്ചിയിലെ പഠന റിപ്പോർട്ട്.

കോ വർക്കിംഗ് ഇന്ത്യയിൽ

2020 : 20,000 കെട്ടിടങ്ങൾ

2022 : 26,000 കെട്ടിടങ്ങൾ

വളർച്ചാസാദ്ധ്യത : 42 ശതമാനം

പുതിയവർക്ക് ഉചിതം

ഓഫീസിന് വലിയ തുക ചെലവഴിക്കാൻ കഴിയാത്ത പുതിയ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസുകൾ തുടങ്ങിയവർക്ക് മികച്ച സൗകര്യമാണ് കോ വർക്കിംഗിൽ നൽകുന്നത്. ഒപ്പം എല്ലാ ആധുനിക സൗകര്യങ്ങളും ലഭിക്കും.

നിയാസ് എം.

മാനേജർ

ഇന്നർസ്പേസ് കോ വർക്കിംഗ്, കലൂർ