കോലഞ്ചേരി: ആർക്കും വേണ്ടാതെ പറമ്പിൽ ഈച്ചയാർത്ത് കിടന്ന ചക്കയുടെ കാലം കഴിഞ്ഞു. വി.ഐ.പി പരിവേഷത്തോടെ ചക്കയുടെ കാലം തെളിഞ്ഞ മട്ടാണ്.
വിളഞ്ഞ ചക്ക കിലോ 40 നും ഇടിച്ചക്ക കിലോ 30 നുമാണ് വില്പന. സാമാന്യം വലിയ ചക്ക കടയിൽ നിന്ന് വാങ്ങുമ്പോൾ 400 രൂപയെങ്കിലുമാകുമെന്ന് ചുരുക്കം.
നാട്ടിൻപുറങ്ങളിൽ ചക്ക മൊത്തകച്ചവടക്കാർ എടുക്കുന്നതും നല്ല വിലയ്ക്കാണ്. ഇടിചക്ക തേടി പറമ്പുകൾ തോറും കച്ചവടക്കാർ എത്തുന്നുണ്ട്. പെരുമ്പാവൂർ വല്ലം, കാലടി എന്നിവിടങ്ങളിലെത്തിച്ച് മൊത്ത കച്ചവടക്കാർ വഴിയാണ് വില്പന. സാമ്പത്തിക മാന്ദ്യം ചക്കവിപണിയെ ബാധിച്ചതായി പറയുന്നുണ്ടെങ്കിലും കച്ചവടക്കാരുടെ എണ്ണത്തിൽ കുറവില്ല.
വിഷമയമില്ലാത്ത പോഷക സമ്പുഷ്ടമായ ഫലം എന്ന പേരിലറിയപ്പെടാൻ തുടങ്ങിയതോടെയാണ് ചക്കയ്ക്ക് പ്രിയമേറിയത്. കാൻസറിന് കീമോ ചെയ്യുന്ന രോഗികൾക്ക് വേദനയുടെ ആശ്വാസത്തിനും ചക്ക ഫലപ്രദമാണത്രെ. ചക്കകൊണ്ട് അച്ചാർ മുതൽ പുട്ടുപൊടി വരെയുള്ള മൂല്ല്യ വർദ്ധിത വിഭവങ്ങൾ മാർക്കറ്റിൽ സുലഭമാണ്.
ബേബി ഫുഡിലും ചക്ക ഉണക്കി പൊടിച്ചു ചേർക്കുന്നുണ്ട്.
പ്ലാവുകൾ പണം കായ്ക്കുന്ന മരങ്ങളാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൻപുറത്തുകാർ. ഒരു ഇടിചക്കയ്ക്ക് 60 രൂപ വരെയാണ് ഉടമയ്ക്ക് ലഭിക്കുന്നത്. ഉത്തരേന്ത്യയിലേക്ക് ചക്ക കയറ്റുമതിയുണ്ട്. കൊഴുപ്പും കൊളസ്‌ട്രോളും തീരെ ഇല്ലാത്തതിനാൽ വയറു നിറയെ തിന്നാലും തടി കൂടില്ലെന്ന പത്യേകതയാണ് ചക്കയെ പ്രിയ ഭക്ഷണമാക്കിയത്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയതിനാൽ ദഹന പ്രക്രിയയും സുഗമമാകും.
ചക്കയുടെ തോട് മുതൽ ചവിണി വരെ സർവതും ഭക്ഷ്യ യോഗ്യം. പുഴുക്കും, ചക്കക്കുരു കറിയുമാണ് ഇതിൽ ജനകീയം.ചക്ക അട, കട്ലറ്റ്, പായസം, ജാം, വൈൻ, മിഠായി എന്നിങ്ങനെ വിഭവങ്ങൾ വേറെയും ഉണ്ട്.