malinyam
ചേപ്പനംകായലിൽ ഇറച്ചിമാലിന്യം കൊത്തിവലിക്കുന്ന പക്ഷി

ചേപ്പനം: ചേപ്പനംകായൽ മാലിന്യംനിറഞ്ഞ് മലീമസമായി. കായലും,കരയും അന്തരീക്ഷവും നാറുന്നു. ചേപ്പനം-പനങ്ങാട് ദ്വീപുകൾക്കിടയിലൂടെ കൊച്ചിയും,ആലപ്പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്ന കായലാണ് പരിസ്ഥിതിക്ക് വെല്ലുവിളിയായത് .

കായലിന് കുറുകെയുളള ചേപ്പനം ബണ്ടിലെ പാലത്തിൽ പെട്ടിവണ്ടികളിൽ ഇറച്ചിമാലിന്യങ്ങളും,കോഴിവേസ്റ്റും കൊണ്ടുവന്ന് പാലത്തിന്റെ ഇറക്കിൽനിന്നും കായലിലേക്ക് ഇടുകയാണ് പതിവ്.പിന്നീട് ഇവ ഒഴുകി വിവിധഭാഗങ്ങളിൽ വ്യാപിച്ച് തീരദേശവീടുകളുടെ കടവുകളിലും,വീട്ട്പരിസരങ്ങളിലും എത്തുന്നു. കാക്കയും പരുന്തും കൊത്തിവലിച്ച് പറക്കുമ്പോൾ ഉൾപ്രദേശങ്ങളിലെ വീടുകളുടെ മുകളിലും മുറ്റത്തും വരെ ഇറച്ചിമാലിന്യം വീഴുന്നു.

ദേശീയപാതയിൽകുമ്പളംപാലത്തിൽനിന്നും പുഴയിലേക്ക് മാലിന്യം തള്ളിയെന്ന വാർത്തകളെ തുടർന്ന് കുമ്പളം പാലത്തിൽ രാത്രികാലപൊലിസ് പരിശോധനകർശനമാക്കി.തുടർന്ന് സാമൂഹ്യവിരുദ്ധർചേപ്പനം ബണ്ട്പരിസരം സുരക്ഷിത താവളമാക്കി.തിങ്കളാഴ്ച കായലിൽ കാളക്കുട്ടിയുടെ ജഡംഒഴുകിവന്നു.കഴിഞ്ഞദിവസം സി.പി.ഐ.യുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി

ടൂറിസം പദ്ധതിയിൽപ്പെടുത്തി ഒരുകോടിരൂപ ചെലവഴിച്ച് ചേപ്പനം ബണ്ടിൽ അലങ്കാരചെടികളും,വിശ്രമകേന്ദ്രങ്ങളും,വാക് വേയും പണിതതിന് സമീപത്താണ് മാലിന്യങ്ങൾ ഒഴുകിവരുന്നത്. ആഴ്ചയിൽരണ്ട് ദിവസം ചേപ്പനം ബണ്ടിന് സമീപം വളന്തകാട് ഡിസ്പെൻസറിയുടെ കീഴിൽപ്രവർത്തിക്കുന്നഫ്ളോട്ടിംഗ് ഡിസ്പെൻസറിയുടെ പ്രവർത്തനത്തേയും മാലിന്യം വിനയാകുന്നു.

പഞ്ചായത്ത് മുൻകൈയെടുക്കും

ചേപ്പനം ബണ്ട്റോഡിലെ പാലത്തിൽ പഞ്ചായത്ത് മുൻകൈയെടുത്ത് വഴിവിളക്കുകളും കാമറകളും സ്ഥാപിക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും,പനങ്ങാട് പൊലീസുംനടപടികൾ സ്വീകരിക്കണം.

സി.ടി.അനീഷ്.

കുമ്പളം പഞ്ചായത്ത്മെമ്പർ

പഞ്ചായത്ത് സുരക്ഷിതമാക്കും

ചേപ്പനം ബണ്ടിലെ പാലത്തിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ടൂറിസം പദ്ധതികൾ കുമ്പളം പഞ്ചായത്തിന് കൈമാറിയിട്ടില്ല. പഞ്ചായത്തിന്റെ പല നവീകരണപദ്ധതികളും അവിടെ നടപ്പാക്കാൻ കഴിയുന്നില്ല. ടൂറിസം സെക്രട്ടറി ഒപ്പിട്ട് ഉത്തരവ് ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് വിവരം.ഉത്തരവ് ലഭിച്ചാൽ ഉടനെ കാമറകളും,വഴിവിളക്കുകളും സ്ഥാപിച്ച് പ്രദേശം സുരക്ഷിതമാക്കാൻ പഞ്ചായത്ത് തയ്യാറാണ്.

ടി.ആർ.രാഹുൽ,

വൈസ് പ്രസിഡന്റ് കുമ്പളം പഞ്ചായത്ത്.

പാലത്തിൽ രാത്രിവെളിച്ചം കുറവ്

അറവുമൃഗങ്ങളുടെ കുടലും പണ്ടങ്ങളും കയലിൽ അഴുകുന്നു

വീടിനുളളിൽ മൂക്ക്പൊത്തി കഴിയേണ്ട അവസ്ഥ