കൊച്ചി: ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുന്നത് സംബന്ധിച്ച ഓർഡിനൻസ് പ്രകാരം കോതമംഗലം ചെറിയ പള്ളിയും സ്വത്തുക്കളും ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന മുൻ ഉത്തരവിൽ ഹൈക്കോടതി വ്യക്തത വരുത്തി. ഇടവകാംഗത്തിന് പള്ളിയിലും സെമിത്തേരിയിലും മരണാനന്തര ചടങ്ങുകൾ വേണ്ടെന്ന് വയ്ക്കാനും താല്പര്യമുള്ള പുരോഹിതനെക്കൊണ്ട് ഇഷ്ടമുള്ളിടത്ത് ചടങ്ങുകൾ നടത്താനും അവകാശം നൽകുന്നതാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിലെ വ്യവസ്ഥ. ജില്ലാ കളക്ടറും യാക്കോബായ വിഭാഗവും നൽകിയ പുന:പരിശോധന ഹർജികളാണ് സിംഗിൾ ബെഞ്ച് തീർപ്പാക്കിയത്.
പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാൻ സുപ്രീം കോടതിയുടെ വിധിയിൽ നിർദേശമില്ലാതിരിക്കെ 2019 ഡിസംബർ മൂന്നിന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന് വേണ്ടി കലക്ടർ പുന:പരിശോധന ഹർജി നൽകിയത്. പള്ളികളുടെ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിനാണെന്ന സുപ്രീം കോടതിയുടെ വിധിയിൽ പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്നില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന കേരള ക്രിസ്ത്യൻ സെമിത്തേരി (സംസ്‌കരിക്കാനുള്ള അവകാശം) ഓർഡിനൻസ് 2020 സർക്കാർ പുറപ്പെടുവിച്ചതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധിക്കെതിരായ വിധത്തിൽ കീഴ്‌കോടതികൾ നിർദേശം നൽകുന്നത് സുപ്രീം കോടതി തന്നെ വിലക്കിയ സാഹചര്യത്തിൽ ജില്ലാ കോടതിയും ഹൈക്കോടതിയുമുൾപ്പെടെ കേസ് പരിഗണിച്ച നടപടി നിലനിൽക്കുന്നതല്ലെന്ന വാദം കോടതി തള്ളി. കീഴ്‌ക്കോടതിയിൽ കക്ഷികളായിരുന്ന ഹർജിക്കാർക്ക് അവിടെ വാദം ഉന്നയിക്കാമായിരുന്നു. ഇപ്പോൾ ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനുയോജ്യമായ കേസുകളിൽ ആവശ്യമെങ്കിൽ ഹർജിക്കാർ ആവശ്യപ്പെടുന്നതിനപ്പുറം കാര്യങ്ങൾ അനുവദിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ മുൻ ഉത്തരവിൽ വ്യക്തത വരുത്തി പുന:പരിശോധനാ ഹർജി തീർപ്പാക്കിയത്. സുപ്രീം കോടതി വിധിയെത്തുടർന്ന് കോതമംഗലം ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം തേടി ഓർത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിലാണ് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.