സ്‌പെഷൽ സ്കൂൾ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം
പള്ളുരുത്തി: മാനസിക വൈകല്യത്തെ തോൽപ്പിച്ച് പതിമൂന്നുകാരൻ വരച്ചത് 600ൽ പരം ചിത്രങ്ങൾ. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥി അമീർ ഷായാണ് ഇതിനോടകം നാട്ടുകാരുടെ പ്രശംസി പിടിച്ചു പറ്റിയത്. ചിത്രകല പഠിക്കാനൊന്നും അമീർ ഷാ പോയിട്ടില്ല. ടി.വിയിലും പുസ്തകങ്ങളിലും കാണുന്ന ചിത്രങ്ങൾ സ്വയം വരക്കും. ഇതിനോടകം നിരവധി സമ്മാനങ്ങൾ ചിത്രരചനയിൽ കിട്ടിക്കഴിഞ്ഞു. വീട്ടിലെ ഷോകേസ് നിറഞ്ഞിരിക്കുകയാണ് ട്രോഫികൾ. ജില്ലയിൽ പല സ്ഥലങ്ങളിലും നടന്ന മത്സരങ്ങളിലും സമ്മാനം നേടിയിരുന്നു. കൊല്ലശേരി റോഡിൽ താമസിക്കുന്ന ഷാജി - സൈനബ ദമ്പതികളുടെ മൂത്ത മകനാണ്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മകന്റെ ആഗ്രഹങ്ങൾക്ക് സാധിച്ചു കൊടുക്കാറാണ് പിതാവ് ഷാജി.മാതാവാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പലപ്പോഴും കൊണ്ടു പോകുന്നത്. ചിത്രരചന അദ്ധ്യാപകനാകണമെന്നാണ് അമീർ ഷായുടെ ആഗ്രഹം. സഹോദരൻ അജ്മൽ ഷായും ചേട്ടനെ പോലെ ജന്മസിദ്ധിയുള്ള കലാകാരനാണ്. ചിത്രരചനയിലും പാട്ട് പാടാനുമുള്ള കഴിവുണ്ട്. അമീർ ഷായുടെ കഴിവ് കേട്ടറിഞ്ഞ് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് അമീർ ഷായുടെ വീട്ടിൽ എത്തി സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.