കിഴക്കമ്പലം: പിണർമുണ്ടയിൽ ചെരുപ്പ് നിർമാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കുന്ന കമ്പനിയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാവിലെ 11.45നാണ് തീപിടിച്ചത്. ചെരുപ്പ് നിർമാണത്തിനു ശേഷം ബാക്കി വരുന്ന മാലിന്യം വീണ്ടും പുനരുപയോഗിച്ച് പൊടിച്ചെടുക്കുന്ന 'ഫൈൻ ഗ്രൈൻഡർ' കമ്പനിയിലാണ് സംഭവം.
25 ലക്ഷം രൂപയുടെ സ്റ്റോക്ക് കമ്പനിയിലുണ്ടായിരുന്നെന്ന് ഉടമ പറയുന്നു. മറ്റു നഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. കമ്പനി പൂർണ്ണമായും കത്തി നശിച്ചു. 9 യൂണിറ്റ് ഫയർ ഫോഴ്സ് നാലര മണിക്കൂർ തീവ്ര പ്രയത്നം നടത്തി. സമീപത്തുള്ള ഉടമയുടെ വീട്ടിലേയ്ക്കും, മറ്റൊരു പ്ളൈവുഡ് കമ്പനിയിലേയ്ക്കും തീ പടർന്നെങ്കിലും കെടുത്തി. ഉടമയുടെ വീട്ടിൽ റബ്ബർ പൊടി ശേഖരിച്ച് ചാക്കിലാക്കി സൂക്ഷിച്ചിരുന്നു. റബ്ബർ മാലിന്യം പൊടിക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗത്തു നിന്നു തീ പടരുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വെള്ളം പോലും ഒഴിക്കാനുള്ള സംവിധാനം ഇല്ലാതെയായി. പിന്നീട് മറ്റു ഭാഗങ്ങളിലേക്കും തീ ആളിപ്പടർന്നു.
പട്ടിമറ്റം ഫയർ ഫോഴ്സ് പുത്തൻകുരിശിലുണ്ടായ തീപിടിത്ത സ്ഥലത്തായിരുന്നതിനാൽ തൃക്കാക്കര സ്റ്റേഷനിലെ സംഘമെത്തി തീയണയ്ക്കുന്നതിനു നേതൃത്വം നൽകി. പിന്നീട് ജില്ലാ ഫയർ ഓഫീസർ എ.എസ്.ജോജിയുടെ നേതൃത്വത്തിൽ പട്ടിമറ്റം, തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, ഗാന്ധിനഗർ, ബി.പി.സി.എൽ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
വീണ്ടും തീപിടുത്തം
ഇന്നലെ വൈകിട്ട് 7 മണിയോടെ വീണ്ടും കമ്പനിയുടെ പുറത്ത് മാലിന്യങ്ങൾ സൂക്ഷിച്ച ഭാഗത്ത് വീണ്ടും തീ പടർന്നത്. കമ്പനിയുടെ ഇലക്ട്രിക് ട്രാൻസ്ഫോർമറിന് സമീപവും വൻ തോതിൽ മാലിന്യ കൂമ്പാരമുണ്ട്.