കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ചേരാനല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രം സംഘപരിവാറിന്റെ നിയന്ത്രണത്തിലാണെന്ന പ്രചാരണം തെറ്റാണെന്ന് രാജിവച്ച ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമിതിയിൽ എല്ലാ പാർട്ടികളിൽപ്പെട്ടവരും ഉണ്ട്.

ജാതിയുടെ പേരിൽ വിലക്കേർപ്പെടുത്തിയെന്ന് സോപാനഗായകനായ വിനിൽ ദാസ് തങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ക്ഷേത്രോപദേശക സമിതി മുൻ പ്രസിഡന്റ് ഒ. ചന്ദ്രശേഖരൻ പറഞ്ഞു.

വിനിൽദാസിന്റെ പരാതിയിൽ പറയുന്ന നാലിൽ മൂന്ന് പേർക്കും ക്ഷേത്രവുമായോ ഉപദേശകസമിതിയുമായോ യാതൊരു ബന്ധവുമില്ല. ഒരാൾ മുൻപ് ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു. ഇവർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിനിൽദാസ് തന്നെയാണ് ക്ഷേത്രത്തിൽ ഇപ്പോഴും സോപാന സംഗീതം പാടുന്നത്. ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ അഞ്ചിന് സ്വമേധയ ക്ഷേത്രോപദേശക സമിതിയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.

വാർത്താ സമ്മേളനത്തിൽ ഉപദേശകസമിതി മുൻ സെക്രട്ടറി എം.ആർ ചന്ദ്രശേഖരൻ, ശാരദ ആനന്ദൻ, പൊന്നൻ കെ.ആർ എന്നിവർ പങ്കെടുത്തു.