കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക നിലനിൽക്കെ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക കരടായി ഉപയോഗിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഒരിക്കൽ പേരു ചേർക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരെ വീണ്ടും വിളിച്ചുവരുത്തി പേരു ചേർക്കാൻ ബുദ്ധിമുട്ടിക്കണോയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. ഒരാളെ വോട്ടറായി ചേർത്തശേഷം തർക്കങ്ങളില്ലാതിരിക്കെ വീണ്ടും വോട്ടറായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടാനാവുമോയെന്നും കോടതി ആരാഞ്ഞു.
കമ്മിഷൻ തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നെരിക്കാട്ടേരി, ഫാറോക്ക് നഗരസഭ കൗൺസിലർ പി. ആഷിഫ്, കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ എന്നിവർ നൽകിയ അപ്പീൽ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ വ്യാഴാഴ്ച വിധി പറയും.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം 2016ൽ നിയമസഭയിലേക്കും 2019ൽ ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പു നടന്നു. ഒക്ടോബറിൽ നടക്കേണ്ട തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക കരടായി സ്വീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അതിനുശേഷം യോഗ്യരായവരുടെ പേര് ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുകയാണ് എളുപ്പം. 2015നുശേഷം വോട്ടർ പട്ടികയിൽ പേരു ചേർത്തവരെയെല്ലാം വിളിച്ചു വരുത്തി പ്രക്രിയ ആവർത്തിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉന്നയിച്ചിരുന്നത്.