കോലഞ്ചേരി: പുത്തൻകുരിശ് വില്ലേജിൽ സ്ഥിരം ഓഫീസറില്ല. വന്നും പോയും നിൽകുന്ന താത്കാലിക ചുമതലക്കാർ മാത്രം. ഇതു മൂലം ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ആവശ്യങ്ങൾക്കെത്തുന്നവർക്ക് സമയത്ത് കാര്യങ്ങൾ നടക്കുന്നില്ലെന്നും പരാതി. ഇവിടുത്തെ സ്ഥിരം ഓഫീസർ സ്ഥലം മാറി പോയതാണ് പ്രശ്നം. പിന്നീട് പുതിയ ആളെത്തിയിട്ടില്ല.
സാമാന്യം നല്ല തിരക്കുള്ള ഇവിടെ കഴിഞ്ഞ ജനുവരി മുതൽ ഓഫീസർ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഉണ്ടായിരുന്ന ഓഫീസർ പ്രമോഷൻ ലഭിച്ച് കാസർഗോട്ടേക്ക് പോയി.പിന്നീട് വടവുകോട് വില്ലേജ് ഓഫീസർക്കായിരുന്നു താത്കാലിക ചുമതല. ഇന്നലെ മുതൽ ഐക്കരനാട് സൗത്ത് വില്ലേജ് ഓഫീസർക്ക് മാറ്റി നൽകി.തൃക്കാക്കര കഴിഞ്ഞാൽ ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള വില്ലേജ് ഓഫീസുകളിൽ ഒന്നാണിത്. പുത്തൻകുരിശ്, ബ്രഹ്മപുരം, കാണിനാട്, മാനാന്തടം ,വരിക്കോലി, പുറ്റുമാനൂർ, കുറ്റ, വേളൂർ, അടൂർക്കര തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്റണം ഈ ഓഫീസിന്റെ കീഴിലാണ്. നിലവിൽ 3 ജീവനക്കാരെ വച്ചാണ് ഓഫീസ് പ്രവർത്തനം.