മൂവാറ്റുപുഴ: രജിസ്റ്റർ ചെയ്യാത്ത ന്യൂ ജനറേഷൻ ബൈക്ക് പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഴക്കുളം കാവന മഠത്തിൽ ജോർജിന്റെ വീടിനോട് ചേർന്ന പുരയിടത്തിലാണ് തിങ്കളാഴ്ച രാവിലെ 6ഓടെ ബജാജ് അവെൻജർ ഇനത്തിൽ പെട്ട ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ബൈക്കെടുക്കുന്നതിനായി ഉടമ എത്തുമെന്ന പ്രതീക്ഷയിൽ ജോർജും നാട്ടുകാരും ഏറെ നേരം കാത്തിരുന്നു. എന്നാൽ രണ്ട് ദിവസമായിട്ടും ഉടമസ്ഥൻ എത്താത്തിനെ തുടർന്ന് ഇന്നലെ വൈകിട്ട് പൊലീസിൽ പരാതി അറിയിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത പരന്നതോടെ നിരവധി ആളുകളും സ്ഥലത്തെത്തിയിരുന്നു.വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാഴക്കുളം പൊലിസ് അന്വേഷണവും ആരംഭിച്ചിരുന്നു. തുടർന്ന് വൈകീട്ട് ബൈക്കിന്റെ ഉടമ സ്ഥലത്തെത്തി.പൊലിസിന്റെ അനുവാദത്തോടെ മാത്രമെ വാഹനം നൽകാനാകുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പൊലിസെത്തിയാണ് ബൈക്ക് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തിന് പോകാനെത്തിയപ്പോൾ വാഹനം കേടായതിനെ തുടർന്നാണ് പുരയിടത്തിൽ വച്ചതെന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു.