ആലുവ: കൊച്ചി നഗരസഭയിൽ മുടങ്ങിക്കിടക്കുന്ന ഭൂരഹിത കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകളുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നഗരസഭക്ക് നിർദ്ദേശം നൽകി. കേന്ദ്ര പദ്ധതിയായ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 398 പേർക്കാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്.
ഒരു വർഷത്തിലേറെയായി ഫ്ളാറ്റ് നിർമ്മാണം നിലച്ചിരിക്കുകയാണെന്നാരോപിച്ച് സൺറൈസ് കൊച്ചി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. കൊച്ചി നഗരസഭ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് കമീഷൻ നിർദ്ദേശം നൽകിയത്. 2013 ഡിസംബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ റേ പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു പദ്ധതി. രണ്ട് ടവറിലുകളിലായി 12 നില ഫ്‌ളാറ്റാണ് നിർമ്മിക്കേണ്ടത്. നഗരസഭയുടെ അലംഭാവം കാലതാമസത്തിന് കാരണമായി. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് 2016ൽ രണ്ട് ഫ്‌ളാറ്റുകളിൽ ഒന്നിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി 2017 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു. എന്നാൽ 2019 ഫെബ്രുവരിയിൽ നിർമ്മാണം നിലച്ച സഹചര്യത്തിലാണ് സൺറൈസ് കൊച്ചി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്.നിർമാണത്തിനുള്ളതുക സ്മാർട്ട് സിറ്റി മിഷൻ പദ്ധതി വഹിക്കാമെന്ന് സമ്മതിച്ചിട്ടും കൊച്ചി നഗരസഭ അലംഭാവം തുടരുകയാണെന്ന് സൺറൈസ് കൊച്ചി ചൂണ്ടിക്കാട്ടി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി മാർച്ചിൽ തീരുമെന്നതിനാൽ തുക നഷ്ടമാകുമെന്ന ആശങ്ക നിലനിൽക്കുന്നു. സൺറൈസ് കൊച്ചിക്ക് വേണ്ടി പ്രൊജക്ട് ഓഫിസർ ജയ്ഫിൻ കരീം ഹാജരായി.