high-court

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മറ്റു ഭാരവാഹികളെയും നീക്കം ചെയ്യണമെന്നും ഭരണത്തിന് അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കണമെന്നും അംഗത്വ രജിസ്റ്റർ തയ്യാറാക്കാൻ അഡ്വക്കേറ്റ് കമ്മിഷനെ നിയമിക്കണമെന്നും വാർഷിക പൊതുയോഗത്തിൽ നിയമാവലി പാസാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം മുൻസിഫ് കോടതയിൽ ഫയൽ ചെയ്ത ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധി. ഹർജി തിരിച്ചുനൽകാനും ഉത്തരവിട്ടു.

കൊല്ലം സ്വദേശികളായ മനോജ് കടകംപള്ളി, കെ.എൽ. രാജപ്പൻ എന്നിവർ സമർപ്പിച്ച സിവിൽ റിവിഷൻ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

വാർഷിക പൊതുയോഗം ഈ മാസം 15 ന് നടത്തുന്നത് തടഞ്ഞ് കൊല്ലം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ കൊല്ലം ഒന്നാം അഡീഷണൽ കോടതിയിൽ നൽകിയ സിവിൽ അപ്പീലിൽ പൊതുയോഗം നടത്താൻ അനുമതി നൽകി. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. യോഗത്തിനെതിരെ അപ്പീലിൽ വിവിധ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

കമ്പനി നിയമപ്രകാരം കമ്പനി ട്രിബ്യൂണലിന്റെയും അപ്പലേറ്റ് ട്രിബ്യൂണലിന്റെയും അധികാരപരിധിയിൽ വരുന്ന കാര്യങ്ങളിൽ സിവിൽ കോടതികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നായിരുന്നു എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രധാന വാദം. അത്തരം വിഷയങ്ങളിൽ സിവിൽ ഉത്തരവ് പുറപ്പെടുവിക്കാനും പാടില്ല. കമ്പനി നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ ഹർജിയിലുള്ളതിനാൽ സിവിൽ കോടതിക്ക് കേൾക്കാൻ അധികകാരമില്ലെന്നും വാദിച്ചു.

1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനി നിയമപ്രകാരം ഷെഡ്യൂളിൽ കാണിക്കുന്ന കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും ഇന്ത്യൻ കമ്പനി നിയമം ബാധകമാണ്. അതിനാൽ സിവിൽ കോടതികൾക്ക് അധികാരമില്ല. ഇന്ത്യൻ കമ്പനി നിയമത്തിന്റെ റഫറൻസ് പ്രകാരമാണ് 1961 ലെ കേരള നിയമം നിർമ്മിച്ചത്. ഇന്ത്യൻ കമ്പനി നിയമത്തിൽ കാലാകാലങ്ങളിലുണ്ടാകുന്ന എല്ലാ ഭേദഗതികളും കേരളാ നോൺ ട്രേഡിംഗ് കമ്പനി നിയമത്തിനും ബാധകമാണെന്ന യോഗത്തിന്റെ വാദവും സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.