കൊച്ചി:: കൃതി പുസ്തകോത്സവത്തിൽ ലളിതാംബികാ അന്തർജ്ജനം വേദിക്ക് സമീപത്തുള്ള മേശകൾക്ക് പിന്നിൽ കുറച്ച് ചെറുപ്പക്കാരെ കാണം.വിദേശ രാജ്യങ്ങളിൽ സാധാരണമായ തെരുവിലെ കലാ അവതരണങ്ങൾക്ക് സമാനമായ 'ബസ്‌കിംഗ്' എന്ന ആശയം നടപ്പിലാക്കുകയാണ് കൊച്ചിയിലെ ഈചെറുപ്പക്കാർ.
ബസ്‌കിംഗ് കൊച്ചി എന്ന കൂട്ടായ്മയാണ് കൃതിയിൽ ഈ ആശയം പരിചയപ്പെടുത്തുന്നത്. ടൈപ്പ് റൈറ്റിംഗ് കവി മുതൽ ഇല്ലസ്‌ട്രേറ്റർ വരെ ഇവരുടെ കൂടെയുണ്ട്. മുൻ എൻജിനീയറായ ശ്രീറാമിന്റെ പക്കൽ ഒരു ടൈപ്പ് റൈറ്ററാണുള്ളത്. മുന്നിലിരിക്കുന്ന ആൾ സംസാരിക്കുന്ന കാര്യങ്ങളെ ഒരു കവിതയിലേക്ക് വികസിപ്പിച്ച് ടൈപ് റൈറ്ററിൽ അടിച്ച് അയാൾക്ക് തന്നെ സമ്മാനിക്കുകയാണ് ശ്രീറാം. സെൻറ് ആൽബർട്‌സ് കോളേജിലെ അദ്ധ്യാപികയായ ദേവിക ഇതേ പോലെ രൂപപ്പെടുന്ന കവിതകൾ കടലാസിൽ കുറിച്ച് നൽകും. ആർക്കിടെക്ടായ ഇന്ദു സ്വപ്നസമാനമായ ചിത്രീകരണങ്ങളാണ് വരച്ച് നൽകുക.
ജയ്‌പൂർ സാഹിത്യോത്സവത്തിൽ വച്ച് ശ്രീറാം കണ്ടുമുട്ടിയ ടൈപ്പ് റൈറ്റർ കവിയത്രിയായ പെൺകുട്ടിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് 'ബസ്‌കിംഗ് കൊച്ചി' ജനിച്ചത്.
ദിവസവും വൈകീട്ട് 4 മുതൽ 7 വരെയാണ് ബസ്‌കിംഗ് കൂട്ടുകാർ കൃതിയിൽ നിങ്ങളെ കാത്തിരിക്കുന്നത്