ആലുവ: പമ്പ് കവലയിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്ത പൊലീസിനെതിരെ വീണ്ടും പരാതി. സിനിമാ തിയേറ്ററിലേക്കുള്ള വാഹനങ്ങളാണ് തിരക്കേറിയ കവലയുടെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് രൂക്ഷമാണെന്നാണ് ആക്ഷേപം. സിനിമ അവസാനിക്കുന്ന സന്ദർഭങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥയാണ്. ഈ പ്രശ്‌നം കണ്ടിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കാത്തതിനെ തുടർന്ന് പൊതുപ്രവർത്തകനായ കീഴ്മാട് സ്വദേശി കെ.രഞ്ജിത്കുമാർ കമീഷനിൽ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് പാർക്കിംഗിനെതിരെ നടപടികൾ സ്വീകരിച്ചതായി പൊലീസ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡിന് സമീപത്തുവരെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ചിത്രം ഉൾപ്പെടെ വീണ്ടും പരാതിക്കാരൻ കമീഷനെ സമീപിച്ചതിന്റെ തുടർച്ചയായാണ് പാർക്കിംഗ് പൂർണമായി ഒഴിവാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. എന്നാൽ, കമ്മീഷന്റെ ഉത്തരവ് പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് പരാതിക്കാരൻ വീണ്ടും സമീപിച്ചത്. പൊലീസിൽ നിന്ന് കമീഷൻ വിശദീകരണം തേടാൻ തീരുമാനിച്ചു.
മണപ്പുറത്തും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കണം
മണപ്പുറത്തും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു. നിലവിൽ എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും ഇത് കൃത്യമായി പ്രവർത്തിക്കാറില്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്. പൊലീസ് ശ്രദ്ധ കുറവായതിനാൽ സാമൂഹിക വിരുദ്ധർക്ക് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാനും താവളമടിക്കാനും സാധിക്കുന്നുണ്ട്. അതിനാൽ എയ്ഡ് പോസ്റ്റ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും. സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർ അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ശിവരാത്രി, മണ്ഡല കാലങ്ങളിലെങ്കിലും ലൈഫ് ഗാർഡ് സേവനം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ലൈഫ് ഗാർഡ് സേവനം അടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്ന് കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചു..
സംസ്ഥാനത്തെ ബസുകളിലെ പിൻവാതിൽ ഒഴിവാക്കുന്നതിനെതിരെ മനുഷ്യവകാശ കമ്മീഷൻ ഇടപെടണമെന്നാവശ്യവുമായി പൊതുപ്രവർത്തകൻ ഡൊമിനിക് കാവുങ്കൽ ഹർജി നൽകി. ഓടുന്ന ബസിൽ നിന്ന് യാത്രക്കാർ തുറന്നുകിടക്കുന്ന വാതിലിലൂടെ വീഴുന്നതാണ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയത്. സംസ്ഥാന ഗതാഗത കമ്മീഷണർക്ക് നോട്ടീസ് നൽകാൻ മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടു.
പാലസിൽ നടന്ന സിറ്റിംഗിൽ 88 ഹർജികളാണ് പരിഗണനയ്ക്ക് വച്ചത്. അതിൽ 50 എണ്ണത്തിൽ കക്ഷികൾ ഹാജരായി. 6 പരാതികൾ പുതിയതായി ലഭിച്ചു. അടുത്ത സിറ്റിംഗ് 24 ന് നടക്കും.