തൃക്കാക്കര : കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കിക്കിട്ടും. അഞ്ച് വർഷം കഴിഞ്ഞവർക്ക് ടെസ്റ്റ് നിർബന്ധം. ലേണേഴ്‌സ് പാസാകേണ്ട. അപേക്ഷ നൽകുമ്പോൾ ലേണേഴ്‌സ് ലൈസൻസ് കിട്ടും. 30 ദിവസം കഴിഞ്ഞേ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാവൂ എന്ന നിബന്ധനയുമില്ല. ആഴ്ചയിലൊരിക്കൽ പ്രത്യേക ടെസ്റ്റ് ഉണ്ടാകും.

കാലാവധികഴിഞ്ഞ് ഒരുവർഷത്തിനുശേഷവും അഞ്ചുവർഷത്തിൽതാഴെയുമുള്ള അപേക്ഷകർ റോഡ് ടെസ്റ്റ് മാത്രം പാസായാൽ മതി. എട്ട്, എച്ച് പരീക്ഷകൾ ഒഴിവാക്കി. ഇവർക്കും നേരിട്ട് ലേണേഴ്‌സ് ലൈസൻസ് നൽകും. പരീക്ഷ എഴുതേണ്ട. ആഴ്ചയിൽ ഒരു ദിവസം ഇവർക്കായി പ്രത്യേക റോഡ് ടെസ്റ്റ് നടത്തും. അപേക്ഷകൻ കൊണ്ടുവരുന്ന വാഹനം ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും അനുവദിക്കും. ലേണേഴ്‌സ് ലഭിച്ചാലുടൻ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാം.

ഇരുവിഭാഗത്തിലും അപേക്ഷയോടൊപ്പം കേന്ദ്രനിയമം അനുശാസിക്കുന്ന പിഴയും ഫീസും ഈടാക്കും. ഒരു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാൻ ശ്രമിക്കുന്നവരിൽനിന്നും തത്കാലം പിഴ ഈടാക്കില്ല. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകളിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുമായി വാഹനമോടിച്ചാൽ കേസെടുക്കാൻ കർശനനിർദേശവും നൽകിയിട്ടുണ്ട്.