ആലുവ: ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനിടെ പൈപ്പ് തകർന്നതിനെ തുടർന്ന് ഒരാഴ്ച്ചയോളമായി കുടിവെള്ളം മുടങ്ങിയതിൽ പ്രകോപിതരായ ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം, ബംഗ്ലാംപറമ്പ് നിവാസികൾ കുടവും ബക്കറ്റുമായി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു.
പിന്നീട് നടുറോഡിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസിന്റെയും പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സമരത്തിൽ പങ്കെടുത്തു.
ജില്ലാ ആശുപത്രി കവലയിലാണ് കെ.എസ്.ഇ.ബിയുടെ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കഴിഞ്ഞയാഴ്ച്ച കുടിവെള്ളപെെപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് മുടങ്ങിയ കുടിവെള്ളവിതരണം പുന:സ്ഥാപിച്ചിട്ടില്ല. തിങ്കളാഴ്ച്ചയും നാട്ടുകാർ വാട്ടർ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചതാണ്. ചിലർ ഉദ്യോഗസ്ഥരെ ഉപരോധിക്കുകയും ചെയ്തു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് മറുപടി നൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് ഇന്നലെ നാട്ടുകാർ പ്രകോപിതരായത്.
കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള തർക്കമാണ് പരിഹാരമില്ലാതെ അറ്റകുറ്റപ്പണി നീളുന്നതെന്നാണ് ആക്ഷേപം. ആശുപത്രി കവലയിൽ ഇരുവകുപ്പിലെയും ഉദ്യോഗസ്ഥരുണ്ടെന്ന് അറിഞ്ഞെത്തിയ സമരക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടർന്ന് അറ്റകുറ്റപ്പണി തുടങ്ങിയ ശേഷമാണ് സമരക്കാർ മടങ്ങിയത്. സ്ത്രീകളടക്കം 100കണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ജമാൽ, പഞ്ചായത്ത് മെമ്പർ ലിസി സാജു, സി.പി.എം നേതാവ് അജി കല്ലുപുരയ്ക്കൽ, മണിലാൽ, കോൺഗ്രസ് നേതാക്കളായ നസീർ ചൂർണിക്കര, വില്യം ആലത്തറ, രജേഷ് പുത്തനങ്ങാടി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.