കൊച്ചി: ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രിയിൽ പാർപ്പിച്ച മാനസിക, ശാരീരിക വൈകല്യമുള്ള കുട്ടികളെ വീടുകളിലേയ്ക്ക് തിരിച്ചയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. സംരക്ഷകരില്ലാതെ ആശുപത്രിയിൽ തുടരുന്നത് സുരക്ഷയും ജീവിതവും അവതാളത്തിലാക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗവും സിംഗിൾ ബെഞ്ച് പരിഗണിച്ചു.
പാലാരിവട്ടം ഹേസ്റ്റിയ ആശുപത്രിയിലെ ലൈഫ് കെയർ ഫൗണ്ടേഷനെതിരെ 16 കുട്ടികളുടെ അമ്മമാർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് (ഡെൽസ) നൽകിയ പരാതിയുടെയും അമിക്കസ്‌ക്യൂറി നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ചത്. ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് ഉപേക്ഷിച്ച ലൈഫ് കെയർ ഫൗണ്ടേഷനോട് കോടതി വിശദീകരണം തേടി.
2019 ഒക്ടോബറിൽ ഹേസ്റ്റിയ ആശുപത്രിയിൽ നടത്തിയ ക്യാമ്പിൽ തിരഞ്ഞെടുത്ത കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്ക് അമ്മമാർക്കൊപ്പം പാർപ്പിച്ചെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മടങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുടിവെള്ളം, വൈദ്യുതി എന്നിവ വിച്ഛേദിച്ചതോടെ ഒറ്റപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ ഡെൽസക്ക് പരാതി നൽകി. അമിക്കസ്‌ക്യൂറിയായി നിയോഗിച്ച അഭിഭാഷകൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി.