കൊച്ചി: മകന് പനി, വീട്ടിലെ പാചകവാതകം കഴിഞ്ഞു, ആകെ കൈവശമുള്ളത് 900 രൂപ. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണോ, അതോ സിലിണ്ടർ വാങ്ങണോ എന്ന അവസ്ഥ വന്നാൽ ഒരു സംശയവും വേണ്ടാ, ഞാൻ പാചകവാതകം തന്നെ വാങ്ങും. പനി പിടിച്ച കുട്ടിയ്ക്ക് ഇത്തിരി കഞ്ഞി കൊടുക്കേണ്ടേ, വെള്ളം ചൂടാക്കേണ്ടേ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഗീത പറഞ്ഞു. പാചക വാതക വില 145 രൂപ വർദ്ധിപ്പിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.
വില വർദ്ധനവ് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുക മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യരുടെ അടിസ്ഥാനപരമായ കാര്യങ്ങളെ മുഴുവൻ ബാധിക്കുമെന്ന് അവർ ഓർമ്മിപ്പിച്ചു. പണത്തിന് ബുദ്ധിമുട്ടുണ്ടായാൽ ആളുകൾ ചികിത്സ, വിദ്യാഭ്യാസ ചെലവുകൾ വെട്ടിച്ചുരുക്കും. സാധാരണക്കാരുടെ ജീവിതപ്രാരാബ്ധങ്ങളെ കുറിച്ച് ഒന്നുമറിയാത്തതു കൊണ്ടാണ് സർക്കാർ ഇത്തരം ജനവിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നത്. പാചകവാതകത്തിന്റെ വില താങ്ങാൻ വയ്യെങ്കിൽ അടുപ്പിൽ തീ കൂട്ടിക്കൂടെ എന്ന ചോദ്യം ഉയരും. ജോലി കഴിഞ്ഞ് വൈകി വീടെത്തുന്ന സ്ത്രീകൾ വിറകും തേടി രാത്രി എവിടെ പോകും. ഗീത ചോദിച്ചു.
# സിലിണ്ടറിന് ഇപ്പോഴത്തെ വില 850.50 രൂപ.
പാചക വാതക വില 145 രൂപ വർദ്ധിപ്പിച്ചുകൊണ്ടുള്ള പെട്രോളിയം കമ്പനികളുടെ അറിയിപ്പ് ഇന്നലെ അർദ്ധരാത്രിയോടെയാണ് വിതരണക്കാർക്ക് ലഭിച്ചത്. ഇതോടെ സിലിണ്ടർ വില 850 രൂപ 50 പൈസയായി.സബ്‌സിഡി ഉള്ള ഉപഭോക്താക്കൾക്ക് അധികമായി നൽകേണ്ടി വരുന്ന തുക ജി.എസ്.ടി. പിടിച്ചിട്ട് ബാക്കി അക്കൗണ്ടു വഴി തിരികെ ലഭിയ്ക്കും. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകൾക്ക് മുഴുവൻ തുകയും നൽകേണ്ടിയും വരും
# ഒരു ദിവസം നാലു
രൂപയുടെ വർദ്ധന
പാചക വാതകത്തിന് ഒരു ദിവസം ഏകദേശം നാലു രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സാധനങ്ങൾക്കും വില ദിനംപ്രതി ഉയരുകയാണ്. അതിനിടെയാണ് അവശ്യവസ്തുവായ പാചകവാതകത്തിന്റെ വില വർദ്ധന.
ജിജി
നേവൽബേസ് ജീവനക്കാരി
# ജീവിതത്തിന്റെ താളം തെറ്റും
ഒറ്റയടിക്കുള്ള വില വർദ്ധനവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിലാക്കും. ചെലവുകൾ ദിനംപ്രതി കൂടുന്നു. അതനുസരിച്ച് ശമ്പളവർദ്ധന ഉണ്ടാകുന്നുമില്ല.
അജിത പുരുഷൻ
വീട്ടമ്മ
# എല്ലാത്തിനും വില കൂടും
പാചകവാതക വില വർദ്ധയുടെ പേരിൽ ഇനി എല്ലാ സാധനങ്ങളുടെയും വില കൂടുമോയെന്നാണ് ഭയം
സിനി
അക്ഷയ സെന്റർ ഉടമ