r-plusrg

കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ഉത്തരവ് വിവാദമായതോടെ പൊതുവിദ്യാഭ്യാസവകുപ്പ് പിൻവലിച്ച് തടി തപ്പി..

സമൂഹ മാദ്ധ്യമങ്ങളിലൂടെയോ ചർച്ചയിലോ സർക്കാറിനെയോ സർക്കാർ നടപടികളെയോ വിമർശിച്ചാൽ നടപടിയെടുക്കുമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി 3ന് ഇറക്കിയ സർക്കുലറിലെ മുന്നറിയിപ്പ്. സർക്കാർ ജീവനക്കാർക്കുള്ള 1960 ലെപെരുമാറ്റച്ചട്ടം 60 (എ) ഉദ്ധരിച്ചു കൊണ്ടായിരുന്നു സർക്കുലർ. ഇതേക്കുറിച്ച് 'വിമർശിക്കരുത്, ചൂരലെടുക്കും' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത നൽകി. തുടർന്ന് ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപക സംഘടനകളിൽ നിന്നടക്കം എതിർപ്പ് ശക്തമായി. നടപടിജനാധിപത്യ വിരുദ്ധവുമാണെന്ന ആക്ഷേപം ഉയർന്നു. പ്രതിപക്ഷവും വിഷയം ഏറ്റെടുത്തതോടെ, വിവാദ സർക്കുലർ പിൻവലിക്കുന്നതായി ഫെബ്രുവരി 11ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.

''ജനാധിപത്യ സംവിധാനത്തിൽ എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതി അനുഗുണമല്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തി മുന്നോട്ടു പോകുന്നതിനു പകരം അച്ചടക്ക നടപടിയുടെ വാളോങ്ങി ജീവനക്കാരെ നിശബ്ദരാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല''

-അനിൽ.എം.ജോർജ്

സംസ്ഥാന ജനറൽ സെക്രട്ടറി

എച്ച്.എസ്.എസ്.ടി.എ