കോലഞ്ചേരി: എന്നാലും സവാളേ.... ഇങ്ങനെയാക്കെ കുറയാമോ ? ആഴ്ചകൾക്ക് മുമ്പ് 200ൽ നിന്ന് കരയിപ്പിച്ച ഉള്ളിയുടെ ഇന്നലത്തെ വില 20 രൂപ. റോക്കറ്റു പോലെ ഉയർന്ന വില അതുപോലെ തന്നെ താഴേക്കുമെത്തി.
പഴയ പോലെ വഴിവക്കിൽ 100 രൂപയ്ക്ക് അഞ്ചും ആറും കിലോയായി സവാളക്കച്ചവടം തകർക്കുകയാണ്. ഒന്നര മാസം മുമ്പാണ് ഉള്ളി വില ശരവേഗത്തിൽ കുതിച്ച് ഡബിൾ സെഞ്ച്വറിയടിച്ചത്. രണ്ടാഴ്ച മുമ്പ് 50 ലെത്തിയെങ്കിലും വീണ്ടും കാര്യമായ കുറവ് പ്രതീക്ഷിച്ചില്ല.
ഇന്നലെ ചില്ലറ വില്പന 30 നും മൊത്ത വില്പന 20 - 25 ലേയ്ക്കും താഴ്ന്നു. സവാള വില കുറഞ്ഞു തുടങ്ങിയപ്പോഴും 130 ൽ തുടർന്ന ചെറിയ ഉള്ളി 50 - 60 ലേയ്ക്ക് താഴ്ന്നിട്ടുണ്ട്. വെളുത്തുള്ളി മാത്രം പ്രതാപം കൈ വിടാതെ 240 ൽ തുടരുകയാണ്.
പൂനെയിൽ നിന്നും കൂടുതൽ ഉള്ളി എത്തിയതാണ് വില കുറയാൻ കാരണം. ഉള്ളി ഇറക്കുമതി ചെയ്തതും സഹായിച്ചു. ഉള്ളിയുടെ വിളവെടുപ്പ് സീസണും ആരംഭിച്ചു. ഇന്ത്യയിൽ
ആവശ്യത്തിലധികം ഉള്ളി ഉത്പാദനമുണ്ട്. കനത്ത മഴയിൽ വിളനാശമുണ്ടായതാണ് പ്രശ്നമായത്.