കാലടി: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന മണപ്പാട്ട് ചിറയ്ക്ക് മരണമണി മുഴങ്ങുന്നു. വനംവകുപ്പ് പ്രദേശത്തിന്റെയും ഇടമലയാർ ഇറിഗേഷൻ ഭൂമിയുടെയും അതിരുകൾ പങ്കിടുന്ന ചിറയിൽ ഡി.ടി.പി.സിയും പഞ്ചായത്തും ചിറയെ വരുമാനമാർഗമായി കണ്ട് തുടങ്ങിയതോടെ പ്രശ്നനങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ എംഎൽഎ എം.വി. മാണിയുടെ കാലത്ത് തുടക്കമിട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം മുതലേ തടസങ്ങൾ നേരിട്ടു. മുൻ എം എൽ എ പി.ജെ. ജോയിയുടെ ശ്രമഫലമായി സ്ഥാപിച്ച കെ.ടി.ഡി.സി കെട്ടിടവും സ്ഥലവും കാടുയറി കിടക്കുന്നു. മുൻ മന്ത്രിയും എം.എൽ.എയുമായിരുന്ന അഡ്വ .ജോസ് തെറ്റയിൽ കൊണ്ടുവന്ന കുട്ടികൾക്കുള്ള പാർക്ക് പദ്ധതിയും പെരുവഴിയിലാണ്.
ഫലത്തിൽ എം എൽ.എമാരുടെ ഫണ്ടുകൾ ഉപയോഗിച്ച് മണപ്പാട്ടുചിറ ടൂറിസം വികസനത്തിന് കോടികൾ മുടക്കിയത് ചിതലരിക്കുന്ന അവസ്ഥയാണ്. ടൂറിസം ഇൻഫർമേഷൻ സെന്റർ കെട്ടിടം, പൊലീസ് എയ്ഡ് പോസ്റ്റ്, ശൗചാലയങ്ങൾ എന്നിവ ഉപയോഗശൂന്യമായി കിടക്കുന്നു.
ഇതിനിടെ ചിറയിൽ ബോട്ടിംഗ്, മീൻ വളർത്തൽ തുടങ്ങിയവ പഞ്ചായത്ത് ലേലം ചെയ്ത് വരുമാനം നേടുന്നു. ഇപ്പോൾ നാല് വർഷം തുടച്ചയായ് നക്ഷത്രത്തടാകം മെഗാ കാർണിവെല്ലും നടത്തുന്നുണ്ട്.
പഴയ കാലത്ത് ചെറിയതോതിൽ ഉറവയും വെള്ളക്കെട്ടും ഉണ്ടായിരുന്ന പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുനൽകി ചിറ വലുതാക്കുകയായിരുന്നു. 112 ഏക്കറോളം ഭൂമിയിലാണ് ഇന്ന് ചിറ സ്ഥിതി ചെയ്യുന്നത്. ചിറയിലേക്ക് മഴ പെയ്ത് ഒഴുകിയെത്തുന്ന വെള്ളംകൂടാതെ 500 മീറ്റർ വടക്ക് മാറി കടന്നുപോകുന്ന ഇടമലയാർ കനാലിൽ നിന്ന് വെള്ളം വേനലിൽ തുറന്നുവിടും. ഇത് ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾക്ക് പ്രയോജനപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നിരുത്തരവാദപരമായ നപടിയിലൂടെ പ്രദേശത്തെ നൂറ് കണക്കിന് കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കിട്ടാതെ കൃഷി വിളകൾ ഉണങ്ങിത്തുടങ്ങി.
വികസനം തകർക്കാൻ നീക്കം
മലയാറ്റൂർ മണപ്പാട്ട് ചിറ ടൂറിസം വികസനം തകർക്കാൻ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റുകാർ ഗൂഢശ്രമത്തിലാണ്. ചിറയിലെ വെള്ളം അകാരണമായി പുഴയിലേക്ക് തുറന്നുവിട്ടും ചിറയിലെ വെള്ളത്തിന്റെ നിരപ്പ് ഉയർത്താതെയും ചിറ വറ്റിച്ചും ടൂറിസം വികസനത്തിന് പാരവെയ്ക്കുകയാണ്.
ടി.ഡി. സ്റ്റീഫൻ,
ജനാധിപത്യ കേരള കോൺഗ്രസ്