ആലുവ: അപകടാവസ്ഥയിലായതിനെ തുടർന്ന് മുറിച്ചിട്ട തണൽ മരത്തിന്റെ ശിഖിരങ്ങൾ നീക്കാത്തത് പരിസരവാസികൾക്ക് ശല്യമായി. ചൂർണിക്കര പഞ്ചായത്ത് 13 -ാം വാർഡിൽ എസ്.എൻ പുരത്താണ് മുറിച്ചിട്ട ശിഖിരങ്ങളും അടിവേരുമെല്ലാം ദുരിതം സമ്മാനിക്കുന്നത്. അടിത്തട്ടിൽ കേട് സംഭവിച്ചതിനെ തുടർന്നാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തണൽമരം മുറിച്ചത്. പിന്നീട് റോഡിന്റെ എതിർവശത്തേക്ക് നീക്കിയിട്ടശേഷം ഇവ മാറ്റുന്നതിനുള്ള നടപടിയുണ്ടായില്ല. പരിസരവാസികളെല്ലാം പലവട്ടം ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ പ്രദേശം ഇഴജന്തുക്കളുടെ താവളമായി. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.