twenty
കിഴക്കമ്പലത്ത് ബസ് സ്റ്റാൻഡ് നിർമ്മാണത്തെ ചൊല്ലിയുണ്ടായ സംഘർ സ്ഥലത്തെത്തിയ ജനക്കൂട്ടം

കിഴക്കമ്പലം: കിഴക്കമ്പലത്ത് ബസ് സ്റ്റാൻഡ് നിർമ്മാണത്തെ ചൊല്ലി കോൺഗ്രസ്,ട്വന്റി 20 പ്രവർത്തകർ ഏറ്റുമുട്ടലിനൊരുങ്ങി. പൊലീസ് സമയോചിതമായി ഇടപെട്ടതോടെ സംഘർഷമൊഴിവായി. ബസ് സ്റ്റാൻഡ് നിർമ്മാണം അനധികൃതമെന്നാരോപിച്ച് കോൺഗ്രസ് നിർമ്മാണ പ്രവർത്തനം തടയാനെത്തിയതാണ് പ്രകോപനത്തിന് കാരണം.

പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരമാണ് നിർമ്മാണമെന്ന വാദത്തിലുറച്ച് പണി തടയാനെത്തിയത് ട്വന്റി 20 പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അനധികൃതമായി മണ്ണെടുത്ത് മാറ്റി, വെയ്റ്റിംഗ് ഷെഡ് പൊളിച്ചു, എസ്റ്റിമേറ്റിൽ നിന്നും അധികരിച്ച് റോഡിലെ ടാർ നീക്കം ചെയ്തു തുടങ്ങിയ കാര്യങ്ങളുന്നയിച്ച്‌ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കോൺഗ്രസ് പഞ്ചായത്തംഗം പി.എച്ച് അനൂപ് പരാതി നല്കിയിരുന്നു. അതിനിടെയാണ് ഇന്നലെ രാവിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ കോൺഗ്രസ് പ്രവർത്തകരെത്തിയത്. ഇതറിഞ്ഞ് ട്വന്റി 20 യുടെ നാനൂറിലധികം വരുന്ന സ്ത്രീകളുൾപ്പടെയുള്ള സംഘം ചൂലുമായി ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് തമ്പടിച്ചു. ഉച്ച വരെ തുടർന്ന വാഗ്വാദങ്ങൾക്കൊടുവിൽ നിർമ്മാണം തടയാനെത്തിയ 39 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്വന്റി 20 നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു. പഴയ സ്റ്റാൻഡ് പുതുക്കി നിർമ്മിക്കുന്നതിന് അനുമതി ലഭിച്ച ശേഷം മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ആധുനീക രീതിയിൽ വൈ ഫൈ, ബസ് ട്രാക്കിംഗ്, കുടി വെള്ളവും കാത്തിരുപ്പ് കേന്ദ്രങ്ങളുമടങ്ങിയ ബസ് സ്റ്റാൻഡാണ് നിർമ്മിക്കുന്നത്. വൈകാതെ ബയോ ടോയ് ലെറ്റുകൾ സ്ഥാപിക്കുമെന്നും ട്വന്റി 20 അധകൃതർ പറഞ്ഞു.