കൊച്ചി: മിൽമയും നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡും (എൻ.ഡി.ഡി.ബി) സംയുക്തമായി തയ്യാറാക്കിയ കൈപ്പുസ്തകം 'ക്ഷീരപദം" എറണാകുളം പ്രസ് ക്ലബ്ബിൽ ഹൈബി ഈഡൻ എം.പി. പ്രകാശനം ചെയ്‌തു. മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.
ജനിതക മേന്മയുള്ള ബീജമാത്രകൾ ഉപയോഗിച്ചുള്ള കൃത്രിമ ബീജദാന സൗകര്യം വർദ്ധിപ്പിക്കൽ, തീറ്റ സന്തുലന പദ്ധതി വഴി ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ, പാലുത്പാദനത്തെ ബാധിക്കുന്ന അസുഖങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വഴികൾ തുടങ്ങിയവ പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. ക്ഷീരോത്പാദനത്തിലെ പുത്തൻ സാങ്കേതിക വിദ്യകളെയും ഉത്തമമായ പശുപരിപാലനത്തെപറ്റിയും പ്രതിബാധിക്കുന്ന പുസ്തകം മിൽമ ഡയറി യൂണിറ്റുകൾ വഴി വിതരണം ചെയ്യും. വില 100 രൂപ.
മിൽമയുടെ പുതിയ ഫ്രൂട്ട് ഫൺഡേ ശ്രേണിയിലുള്ള ടെൻഡർ കോക്കനട്ട്, ബ്ലൂബറി രൂചികളിലുള്ള ഐസ്‌ക്രീമുകൾ എന്നിവയും ചടങ്ങിൽ പുറത്തിറക്കി. മിൽമ ചെയർമാൻ പി. ബാലൻ, എൻ.ഡി.ഡി.ബി സീനിയർ മാനേജർ റോമി ജേക്കബ്, മിൽമ മാനേജിംഗ് ഡയറക്‌ടർ വിൽസൺ ജെ. പുറവക്കാട്ട്, ഡോ. ജോർജ് തോമസ്, ഡോ. ഷാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ:
മിൽമയുടെ പുതിയ ഉത്പന്നമായ ഫ്രൂട്ട് ഐസ്ക്രീം എറണാകുളം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. വിപണിയിലിറക്കുന്നു. മിൽമ ചെയർമാൻ പി.എ. ബാലൻ, മേഖലാ ചെയർമാൻ ജോൺ തെരുവത്ത് തുടങ്ങിയവർ സമീപം