അങ്കമാലി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ (വെള്ളി) അങ്കമാലി സി.എസ്.എ ഹാളിൽ വിവിധ പരിപാടികൾ നടത്തും.
രാവിലെ 9.30ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയിലേക്ക് എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടൻ പ്രഭാഷണം നടത്തും.
ഗ്രന്ഥശാലകളും സാമുഹിക വികസനവും എന്ന വിഷയത്തിൽ കവി എസ്. രമേശനും എന്റെ ഗ്രന്ഥശാല എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രനും ക്ലാസ് നയിക്കും. അമ്പതുവർഷം പിന്നിട്ട വായനശാല പ്രവർത്തകരെ ടി.പി. വേലായുധൻ ആദരിക്കും. താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്ത മുതരിക്കാട്ടുമുകൾ ഇ.എം.എസ് ലൈബ്രറിക്ക് അവാർഡ് കൈമാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, നഗരസഭ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുക്കും. താലൂക്കിലെ 86 ലൈബ്രറികളിൽ നിന്നും അറുനൂറോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം അറിയിച്ചു.